കൊച്ചി: മരടില്‍ നിയമം ലംഘിച്ച്‌ നിര്‍മിച്ച വിവാദ ഫ്‌ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും സിമന്റുകൂനയായി. ഇതോടെ കേരളത്തെ ആകാംക്ഷയില്‍ നിര്‍ത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യമായ മിഷന്‍ മരട് പൂര്‍ണം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാല് ഫ്‌ളാറ്റുകള്‍ അങ്ങനെ പൊളിഞ്ഞടുങ്ങി. ഫ്‌ളാറ്റിന് സമീപമുള്ള അംഗന്‍വാടി കെട്ടിടം സുരക്ഷിതമാണ്. അംഗനവാടിയുടെ ചുറ്റുമതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകി 2.30 നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്.

പൊളിക്കല്‍ ദിവസത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രണ്ട് മണിക്കാണ് ഗോള്‍ഡന്‍ കായലോരത്തിന് ‘മരണ’മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതില്‍ ഇതുവരെ കൃത്യത പാലിച്ച  ജെറ്റ്  ഡെമോളിഷന്‍ ജില്ലാ ഭരണകൂടവും  പക്ഷേ ഇവിടെ പതിവ് തെറ്റിച്ചു. 1.30 ന് നിശ്ചയിച്ചിരുന്ന ആദ്യ സൈറന്‍ മുഴങ്ങാന്‍ വൈകിയതോടെ നിയന്ത്രിത സ്‌ഫോടനവും വൈകി. ഗോള്‍ഡന്‍ കായലോരത്തിന് അല്‍പം കൂടി ആയുസ് നീട്ടികിട്ടി.

14.8 കിലോ സ്‌ഫോടക വസ്തുക്കളുമായി പൊട്ടിച്ചിതറാന്‍ സുസജ്ജമായി  ഗോള്‍ഡന്‍ കായലോരം കാത്തുനിന്നു.  മുഹൂര്‍ത്തം തെറ്റിച്ച് 26 മിനിട്ട് വൈകി കൃത്യം 1.56 ന് മരണദൂതുമായി ആദ്യ സൈറന്‍ മുഴങ്ങി. രണ്ടാമത്തെ സൈറന്‍ 2.19 ന് മുഴങ്ങിയതോടെ നാലാം തവണയും കേരളത്തിന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. കൃത്യം 2.30 ന് ബ്ലാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നതോടെ മരടിലെ അവസാന ഫ്‌ളാറ്റും മണ്ണിലേക്ക്.

ഗോള്‍ഡന്‍ കായലോരത്തില്‍ മൊത്തം 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. നാലുഫ്‌ളാറ്റുകളില്‍ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോള്‍ഡന്‍ കായലോരം ആയിരുന്നു

Loading...