പണ്ടത്തെ പോലെ ബാങ്കില്‍ പോയി രാവിലെ മുതല്‍ ക്യൂ നില്‍ക്കാനോ, കാത്തിരിക്കാനോ ഒന്നും ഇന്നാര്‍ക്കും സമയമില്ല എന്നതാണ് സ്ഥിതി. എല്ലാം ഒരു വിരല്‍ തുമ്പരികില്‍ ഉണ്ടാകുമ്പോള്‍ ആരാണ് അതുപയോഗപ്പെടുത്താന്‍ ശ്രമിക്കാത്തത്.

പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍, മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും പണം അയക്കാനും സ്വീകരിക്കാനും ഉപയോഗിക്കാറുണ്ട്. എന്നാല്‍ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ കെണിയിലാകുകയും നിങ്ങളുടെ പണം നഷ്ടപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തേക്കാം. മൊബൈല്‍ ബാങ്കിങ്ങ് ഉഫയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം…

ആപ്പുകള്‍

മൊബൈല്‍ ബാങ്കിങ്ങിന് ഉപയോഗിക്കുന്ന ആപ്പുകള്‍ സുരക്ഷിത സ്ഥലത്തു നിന്നും ഡൗണ്‍ലോഡ് ചെയ്തതാണെന്ന് ഉറപ്പു വരുത്തുക. ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ മറ്റ് സുരക്ഷിത സ്ഥലത്തു നിന്നോ ആയിരിക്കണം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ എല്ലാം സുരക്ഷിതമല്ല, സുരക്ഷിതമല്ലാത്ത ആപ്പുകള്‍ക്ക് നിങ്ങളുടെ ബാങ്കിങ്ങ് വിവരങ്ങള്‍ ചോര്‍ത്താനാകും.

വൈഫൈ ഉപയോഗിക്കുമ്പോള്‍..

വൈഫൈ ഉപയോഗിച്ച് മൊബൈല്‍ ബാങ്കിങ്ങ് നടത്തുന്നവരും സൂക്ഷിക്കണം, പ്രത്യേകിച്ച് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കുമ്പോള്‍. സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. വിപിഎന്‍(വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഉപയഗിക്കുന്നതാണ് ഉത്തമം).

ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യുക

മൊബൈല്‍ ബാങ്കിങ്ങ് സംബന്ധിച്ച് നിങ്ങളുടെ ഫോണിലുള്ള ആപ്പുകളെല്ലാം സമയാസമയം അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ മൊബൈല്‍ ഫോണിലുള്ളതെന്ന് ഉറപ്പാക്കുക. ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും ബാങ്കുകള്‍ അപ്ഡേഷനുകള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിങ്ങ് ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ വിട്ടുപോകരുത്. ഓട്ടോമാറ്റിക് അപ്ഡേഷന്‍ ഓണ്‍ ആക്കി വെയ്ക്കുന്നതും നല്ലതാണ്.

ഓട്ടോമാറ്റിക് ലോഗിന്‍ ഒഴിവാക്കുക

ഓട്ടോമാറ്റിക് ലോഗിന്‍ സംബന്ധിച്ചോ പാസ്വേര്‍ഡ് ഓട്ടോസേവ് ചെയ്യുന്നതു സംബന്ധിച്ചോ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യരുത്. ഓട്ടോ ലോഗിന്‍ കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് എളുപ്പം ദുരുപയോഗം ചെയ്യാന്‍ സാധിക്കും. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രം യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കുക.

4ജി അല്ലെങ്കില്‍ 3ജി

നിങ്ങള്‍ ഒരു 4ജി, 3ജി അല്ലെങ്കില്‍ വേഗതയുള്ള നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് മൊബൈല്‍ ബാങ്കിങ്ങ് നടത്തുന്നതെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ പണവിനിമയം പാതി വഴിയില്‍ വെച്ച് ചിലപ്പോള്‍ നിന്നേക്കാം. നിങ്ങള്‍ക്ക് കൃത്യസമയത്ത് നോട്ടിഫിക്കേഷന്‍ ലഭിക്കാതെയും വന്നേക്കാം. അതുകൊണ്ട് ഉപയോഗിക്കുന്ന നെറ്റ്വര്‍ക്കിന്റെ വേഗതയും പ്രധാനപ്പെട്ടതാണ്.

Loading...