ദുബായ്: അടുത്തവീട്ടിലെ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഭർത്താവിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് അയാളുടെ ഭാര്യ. ദുബായിലാണ് സംഭവം. ജനാല വഴി ഒരാൾ മൊബൈൽഫോണുപയോഗിച്ച് കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കണ്ടതോടെ യുവതി നിലവിളിച്ചു. തുടർന്ന് പുറത്തിറങ്ങിയ യുവതി സഹോദരനോട് കാര്യം പറഞ്ഞു. തിരച്ചിലിനൊടുവിൽ യുവതിയുടെ സഹോദരൻ അടുത്ത ഫ്‌ളാറ്റിലെ ഒരു യുവാവിനെ കണ്ടു . ആരെങ്കിലും ഇതുവഴി ഒാടിപ്പോകുന്നത് കണ്ടോ എന്ന് അയാൾ ചോദിച്ചു. ഒരു പാക്കിസ്ഥാനി ഓടുന്നത് കണ്ടു എന്നായിരുന്നു യുവാവിന്റെ മറുപടി. തുടർന്ന് പാകിസ്ഥാനിയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങി. അതോടെ സംശയം ഇരട്ടിച്ചു.

സി.സി.ടി. വി കാമറ പരിശോധിച്ചപ്പോൾ യുവാവ് ഇറങ്ങി ഒാടുന്ന ദൃശ്യങ്ങളും ലഭിച്ചു. തന്റെ കള്ളക്കളി പിടിക്കപ്പെട്ടു എന്ന് വ്യക്തമായതോടെ യുവാവ് സ്ഥലം വിട്ടു. ഇയാളെ പിടികൂടാൻ പൊലീസ് പണി പതിനെട്ടും നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിലാണ് ഭാര്യയുടെ സഹായം തേടാൻ തീരുമാനിച്ചത്. തനിക്ക് കാണണമെന്നും ചില രഹസ്യങ്ങൾ സംസാരിക്കാനുണ്ടെന്നും ഭാര്യ യുവാവിനെ അറിയിച്ചു. ഇത് വിശ്വസിച്ച് എത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. എല്ലാകാര്യങ്ങളും അറിഞ്ഞശേഷമാണ് യുവതി പ്രതിയെ കുടുക്കാൻ സഹായിച്ചത്.

Loading...