അഹമ്മദാബാദ്: ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് യുഎസ് പ്രതിജ്ഞാബദ്ധമെന്ന് ആവർത്തിച്ചും പാക്കിസ്ഥാനുമായുള്ള സൗഹൃദം സൂചിപ്പിച്ച് നയതന്ത്രജ്ഞത പ്രകടമാക്കിയും ഡോണൾഡ് ട്രംപ്. ഭീകരരിൽ നിന്നു ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയും യുഎസും ഒറ്റക്കെട്ടാണെന്നും ട്രംപ് വ്യക്തമാക്കി.‘‘ഇന്ത്യയെ യുഎസ് സ്നേഹിക്കുന്നു. ഇന്ത്യ എന്ന സുഹൃത്തിനോടു യുഎസ് എക്കാലവും വിശ്വസ്തത പുലർത്തും. ഇന്ത്യയെ യുഎസ് ബഹുമാനിക്കുന്നു.

പാക്ക് മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാനുള്ള പരിശ്രമത്തിൽ എന്റെ ഭരണകൂടം ഏറെ മുന്നോട്ടുപോയി. പാക്കിസ്ഥാൻ യുഎസിന്റെ നല്ല സുഹൃത്താണ്. ട്രംപ് പറഞ്ഞു.

ഇന്ത്യയിൽ ഭീകരവിരുദ്ധ പരിശീലന കേന്ദ്രം സജ്ജമാക്കുന്നതു സംബന്ധിച്ച് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും ചർച്ച നടത്തിയേക്കുമെന്നു പ്രതിരോധ വൃത്തങ്ങൾ. നിലവിൽ കര, നാവിക,വ്യോമ സേനകളുടെ സംയുക്ത പരിശീലനം ഇരുരാജ്യങ്ങളും നടത്തുന്നുണ്ട്.

സച്ചിൻ, കോലി, ബോളിവുഡ്…

അഹമ്മദാബാദ് ∙ ബോളിവുഡിനെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൊട്ടേര സ്റ്റേഡിയത്തിൽ നടത്തിയ പ്രസംഗത്തിൽ ‘ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ’ (ഡിഡിഎൽജെ), ഷോലേ എന്നീ ഹിന്ദി സിനിമകളുടെ പേരുകളും ട്രംപ് പരാമർശിച്ചു. ബോളിവുഡ് പ്രതിവർഷം 2000 സിനിമകൾ പുറത്തിറക്കുന്നു. ഡിഡിഎൽജെ, ഷോലേ പോലുള്ള ക്ലാസിക് സിനിമകളിലെ നൃത്തം, സംഗീതം, പ്രണയം എന്നിവയിൽ ജനം ആനന്ദം കണ്ടെത്തുന്നു. സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവരെ പോലുള്ള മഹാന്മാരായ ക്രിക്കറ്റ് താരങ്ങളുടെ നാടാണിതെന്നുമുള്ള ട്രംപിന്റെ വാക്കുകൾ ജനം നിലയ്ക്കാത്ത കരഘോഷത്തോടെയാണു സ്വീകരിച്ചത്.

അഹമ്മദാബാദിൽ വിമാനമിറങ്ങുന്നതിനു മുൻപും മൊട്ടേര സ്റ്റേഡിയത്തിലെ സ്വീകരണത്തിനു ശേഷവും ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഡോണൾഡ് ട്രംപ്. ‘ഇന്ത്യയിലേക്കെത്താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഞങ്ങൾ യാത്രയിലാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങളെയെല്ലാം കാണാം’ എന്നായിരുന്നു ആദ്യ ട്വീറ്റ്.

ഇന്ത്യയെയും ഇവിടുത്തെ ജനങ്ങളെയും യുഎസ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന സന്ദേശം നൽകാനാണു താനും മെലനിയയും 8000 മൈൽ താണ്ടി വന്നതെന്ന പ്രസംഗത്തിലെ വാചകങ്ങളാണ് രണ്ടാം ട്വീറ്റിൽ കുറിച്ചത്.

‘മോദി കർക്കശക്കാരൻ’

ന്യൂഡൽഹി ∙ ഇന്ത്യയും യുഎസും തമ്മിൽ ഭാവിയിൽ വൻ വ്യാപാര കരാറിനായി കൈകോർക്കുമെന്നു വ്യക്തമാക്കി ഡോണൾഡ് ട്രംപ്. വ്യാപാര ഇടപാടുകളിൽ ഇന്ത്യയുടെ കടുംപിടിത്തത്തിലുള്ള അസന്തുഷ്ടി മൊട്ടേര സ്റ്റേഡിയത്തിലെ പ്രസംഗത്തിൽ തമാശരൂപേണ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ‘നിങ്ങളുടെ പ്രധാനമന്ത്രിയെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. പക്ഷേ, ഒരു കാര്യം കൂടി പറയട്ടെ – അദ്ദേഹം കർക്കശക്കാരനായ ഇടപാടുകാരനാണ്’ – മോദിയെ ചിരിയിലാഴ്ത്തി ട്രംപ് പറഞ്ഞു.

‘രണ്ടു കൂട്ടർക്കും ഗുണം ചെയ്യുന്ന സമഗ്ര വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചയിലാണ്. വലിയൊരു കരാർ അധികം വൈകാതെയുണ്ടാകും’ – ട്രംപ് വ്യക്തമാക്കി.

നിലവിലെ സന്ദർശനത്തിൽ വ്യാപാര കരാറുകൾ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ഇന്ത്യയിലേക്കു പുറപ്പെടും മുൻപ് ട്രംപ് വ്യക്തമാക്കിയിരുന്നു.

Loading...