‘മഴയും മേഘങ്ങളുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാക്കിസ്ഥാന്റെ റഡാര്‍ കണ്ണുകളില്‍പ്പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ’ എന്ന പ്രസ്താവന വന്‍ ചര്‍ച്ചയായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ക്യാമറ, ഇമെയില്‍ പരാമര്‍ശങ്ങളും സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസത്തിന് ഇരയാകുന്നു. ‌

1987-88 കാലയളവില്‍ ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രമെടുത്ത് ഇമെയില്‍ ചെയ്തിട്ടുണ്ടെന്ന് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണു വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. 1987ലാണ് നിക്കോണ്‍ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയതെന്നും അന്നു രാജ്യത്ത് അതിനു വലിയ വിലയായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ദരിദ്രജീവിതം നയിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ക്യാമറ സ്വന്തമാക്കിയെന്നും അവര്‍ ചോദിച്ചു.

ഇതിനു പുറമേ വിഎസ്എന്‍എല്‍ 1995ല്‍ ആണ് ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എണ്‍പതുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും മറ്റുമായി ഇന്റര്‍നെറ്റ് സേവനം നിജപ്പെടുത്തിയിരുന്നു. ഗാഡ്ജറ്റ് ഫ്രീക്ക് ആയതെങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണു തനിക്ക് സാങ്കേതിക വിഷയങ്ങളിലുള്ള ആഭിമുഖ്യത്തെക്കുറിച്ചു മോദി വാചാലനായത്.

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുൻപു തന്നെ ഇത്തരം കാര്യങ്ങളില്‍ കമ്പമുണ്ടെന്നു മോദി പറഞ്ഞു. തൊണ്ണൂറുകളില്‍ തന്നെ സ്‌റ്റൈലസ് പേനയും ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളും ഉപയോഗിച്ചു തുടങ്ങിയിരുന്നു. 1987-88ലാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നത്. അന്ന് അതു മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അഹമ്മദാബാദിനു സമീപത്തുവച്ചു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി ഡല്‍ഹിക്ക് ഇമെയില്‍ ചെയ്തു. അന്നു കുറച്ച് ആളുകള്‍ക്കു മാത്രമാണ് ഇമെയില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത ദിവസം തന്റെ കളര്‍ ചിത്രം ഡല്‍ഹിയില്‍ അച്ചടിച്ചതു കണ്ട് അഡ്വാനി ആശ്ചര്യപ്പെട്ടുവെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗം മേധാവി ദിവ്യ സ്പന്ദന തന്നെയാണു പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. ലോകത്താര്‍ക്കും ഇമെയില്‍ ഇല്ലാതിരുന്ന കാലത്ത് സ്വന്തമായി ഇമെയില്‍ ഉണ്ടായിരുന്ന മോദി ആര്‍ക്കാണു സന്ദേശങ്ങള്‍ അയച്ചിരുന്നതെന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്നു നിരവധി പേര്‍ വിമര്‍ശനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ എത്തി. മഴയും മഴക്കാറും വിമാനങ്ങളെ റഡാറുകളില്‍നിന്നു മറയ്ക്കുമെന്നും ബാലാക്കോട്ട് ആക്രമണത്തിന് അതാണു പറ്റിയ സമയമെന്ന് അഭിപ്രായപ്പെട്ടതു താനാണെന്നുമുളള മോദിയുടെ അവകാശവാദത്തില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഇമെയിലും ഡിജിറ്റല്‍ ക്യാമറയും ചര്‍ച്ചയായിരിക്കുന്നത്.

മോദിയുടെ ബാലാക്കോട്ട് പ്രസ്താവന ഔദ്യോഗിക ട്വിറ്റര്‍ പേജിൽ ബിജെപി നല്‍കിയെങ്കിലും ആക്ഷേപകരമായ കമന്റുകള്‍ നിറഞ്ഞതോടെ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. പാക്കിസ്ഥാന്‍ റഡാറുകള്‍ക്കു മേഘങ്ങളെ മറികടന്നു സിഗ്നല്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നതു തന്ത്രപ്രധാനമായ അറിവാണെന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. ഭാവിയില്‍ വ്യോമാക്രമണം നടത്തുമ്പോഴും ഈ വിവരം ഉപയോഗിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ട്വീറ്റ് മുക്കിയപ്പോള്‍ മേഘങ്ങള്‍ പോലെ ബിജെപിയുടെ ട്വീറ്റ് മാഞ്ഞുപോയെന്നും സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചതിനാല്‍ സഹായകമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മോദിയുടെ വാക്കുകള്‍ തികച്ചും ലജ്ജാകരമാണെന്നായിരുന്നു സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ട്വീറ്റ്. നമ്മുടെ വ്യോമസേന ഒട്ടും അറിവില്ലാത്തവരാണെന്ന തരത്തിലുളള ആക്ഷേപമാണ് ഇതു ധ്വനിപ്പിക്കുക. ദേശവിരുദ്ധമാണിത്. ഒരു ദേശസ്‌നേഹിക്കും ഇങ്ങനെ പറയാനാവില്ലെന്നും യച്ചൂരി പറഞ്ഞു. മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്ന റഡാറുകള്‍ പതിറ്റാണ്ടുകള്‍ക്കു മുൻപേ നിര്‍മിച്ചുവെന്നു കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന പറഞ്ഞു. മോദി പഴയകാലത്ത് തൂങ്ങിക്കിടക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. മുന്‍സൈനിക ഉദ്യോഗസ്ഥരും മോദിയുടെ വാദം തള്ളി രംഗത്തെത്തി.

Loading...