ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ്‌ പ്രധാനമന്ത്രിയുടെ കത്ത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും മോദി കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെ കൂട്ടായ കരുത്ത് ജനങ്ങള്‍ ലോകത്തിന് കാണിച്ചുക്കൊടുത്തെന്നാണ് തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ മോദി വിശേഷിപ്പിച്ചത്. കൊറോണവൈറസ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചയദാര്‍ഢ്യത്തോടെയും തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ സാമ്പത്തിക വഴിത്തിരിവുണ്ടാകും. ഇതിന് ലോകത്തെ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണവൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്ത്യക്കാര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. നമ്മുടെ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ അത്തരത്തിലുള്ള നമ്മുടെ നാട്ടുകാര്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ ഏകീകൃതവും നിശ്ചയദാര്‍ഢ്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു’ പ്രധാനമന്ത്രി കത്തില്‍ കുറിച്ചു.

കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഐക്യത്തോടെയും നിശ്ചദാര്‍ഢ്യത്തോടെയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതി വെച്ചുനോക്കുമ്പോള്‍, സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്. സാമ്പത്തിക മേഖലയില്‍ അവരുടെ ശക്തിയില്‍ 130 കോടി ഇന്ത്യക്കാര്‍ക്ക് ലോകത്തെ അത്ഭുതപ്പെടുത്താന്‍ മാത്രമല്ല, പ്രചോദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ അജണ്ട മുന്നോട്ടുവെച്ച പ്രധാനമന്ത്രി സ്വയം ആശ്രയിക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. ‘സ്വന്തം കഴിവുകളെ അടിസ്ഥാനമാക്കി നമുക്ക് നമ്മുടേതായ രീതിയില്‍ മുന്നോട്ട്‌പോകേണ്ടതുണ്ട്. അതിന് ഒരു വഴിയേ ഉള്ളൂ, ആത്മനിര്‍ഭര്‍ ഭാരത്, അല്ലെങ്കില്‍ സ്വാശ്രയ ഇന്ത്യ. ഈ സംരംഭം ഓരോ ഇന്ത്യക്കാരനേയും അവസരങ്ങളുടെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കും, നമ്മുടെ കര്‍ഷകരോ തൊഴിലാളികളോ ചെറുകിട സംരംഭകരോ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട യുവാക്കളോ ആകട്ടെ’ മോദി വ്യക്തമാക്കി.

‘നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ട്. ഞാന്‍ രാവും പകലും ജോലിചെയ്യുന്നു. എന്നില്‍ കുറവുകള്‍ ഉണ്ടാകാം, പക്ഷേ നമ്മുടെ രാജ്യത്തിന് കുറവൊന്നുമില്ല. എന്റെ ദൃഢനിശ്ചയത്തിനുള്ള കരുത്തിന്റെ ഉറവിടം നിങ്ങളാണ്, നിങ്ങളുടെ പിന്തുണ, അനുഗ്രഹങ്ങള്‍, വാത്സല്യം എന്നിവയൊക്കെയാണ്. ആഗോള മഹാമാരി കാരണം, ഇത് തീര്‍ച്ചയായും പ്രതിസന്ധിയുടെ സമയമാണ്, പക്ഷേ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഉറച്ച പരിഹാരത്തിനുള്ള സമയമാണ്. ഞങ്ങള്‍ പുരോഗതിയുടെ പാതയില്‍ മുന്നോട്ട് പോകും, വിജയം നമ്മുടേതായിരിക്കും’ എന്നിങ്ങനെ പറഞ്ഞുക്കൊണ്ട് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചു.

Loading...