പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം, എല്ലാവരും വീടുകളിൽ തെളിയിക്കണമെന്ന് മോഹൻലാൽ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹൻലാൽ പറയുന്നു.

‘രാജ്യം മുഴുവൻ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്‍ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഇന്ന് വൈകിട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കൽ കാംപെയ്ൻ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്പിൽ ഏവരും വിളക്കുകൾ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.’–മോഹൻലാൽ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച(ഏപ്രിൽ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും ലഭിക്കുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജോയ് മാത്യു, സംവിധായകൻ പ്രിയദർശൻ, ഗായിക കെ.എസ്. ചിത്ര അടക്കമുള്ളവർ കഴിഞ്ഞദിവസം തന്നെ പിന്തുണയുമായി എത്തിയിരുന്നു.

Loading...