കണ്ണൂർ: കസ്റ്റഡിയിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ. ശരണ്യയുടെ ഫോണിൽനിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ചിത്രം. ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്കു ഗൾഫിൽ ജോലിക്കു പോയിരുന്നു. 

തിരിച്ചെത്തിയശേഷമാണു ദാമ്പത്യത്തിൽ ഉലച്ചിലുണ്ടാകുന്നത്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം.

വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം  നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. 

മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാൾക്ക് ഇതിൽ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

വിയാന്റെ മൃതദേഹം സംസ്കരിക്കുന്നതിനു സാക്ഷികളാകാൻ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്കാരം. മകന്റെ ശരീരം മണ്ണേറ്റുവാങ്ങുമ്പോൾ, ആ കൊലപാതകത്തിൽ സംശയിക്കപ്പെട്ടു പൊലീസ് കസ്റ്റഡിയിലായിരുന്നു ഇരുവരും.

വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്കാരം നടത്താൻ അമ്മയുടെ അച്ഛന്റെ വരവിനായി കാക്കുകയായിരുന്നു. മൽസ്യത്തൊഴിലാളിയായ വൽസരാജ് മീൻ പിടിക്കാൻ കടലിൽ പോയിരുന്നു. വൽസരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. വൽസരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പൊലീസിനോടു പറഞ്ഞില്ല. അതിനു ശ്രമിച്ചാൽ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായേക്കാവന്ന എതിർപ്പ് മനസിലാക്കിയ പൊലീസ് നിർബന്ധിച്ചതുമില്ല. മകന്റെ ശരീരം മണ്ണോടു ചേർന്ന് അര മണിക്കൂറിനുള്ളിൽ അമ്മയുടെ അറസ്റ്റ് നടന്നു.

Loading...