കൊച്ചി • ആദ്യം കേസന്വേഷിച്ച വാണിജ്യ നികുതി ഇൻസ്പെക്ടർ ശ്രീരാജ് കെ.പിള്ളയെയാണ് 2013ൽ ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചത്.

ഇതിനുപിന്നാലെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ശ്രീരാജിനു പൊലീസ് സംരക്ഷണം നൽകി. ശ്രീരാജ് ഉൾപ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ആധാരമാക്കിയാണ് ഇപ്പോൾ വിജിലൻസ് മാണിക്കെതിരെ കേസെടുത്തിട്ടുള്ളത്. 2013ൽ നടന്ന ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും ഒരു ക്വട്ടേഷൻ സംഘം പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്യുന്നതിനിടെ സംഘാംഗങ്ങളിലൊരാളുടെ പോക്കറ്റിൽനിന്നും ഒരു ഫോട്ടോ ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ വാണിജ്യ നികുതി ഇന്റലിജൻസ് വിഭാഗത്തിലെ ഇൻസ്പെക്ടറായ ശ്രീരാജ് കെ.പിള്ളയുടേതാണ് ഈ ഫോട്ടോയെന്നു തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെ ശ്രീരാജ് കെ.പിള്ളയ്ക്ക് അടിയന്തരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി. സെൻകുമാർ തൃശൂർ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.

ഇതിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2011 ൽ കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീരാജ്. കോഴിഫാം ഡീലർമാർക്കു നികുതിയിളവ് അനുവദിച്ചും ആയുർവേദ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സർക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ കേസ്.

ഒരു ഇറച്ചിക്കോഴി കമ്പനിയില്‍ നിന്ന് നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടി രൂപയുടെ കുടിശ്ശിക മാണി സ്റ്റേ ചെയ്തു. ഇതിലൂടെ കോഴിക്കമ്പനിക്ക് കോടികളുടെ ലാഭം ഉണ്ടാക്കി.

ഇതിനു പുറമേ നാല് ആയുര്‍വേദ കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും മാണിക്കെതിരെ വിജിലൻസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

Loading...