ഗാന്ധിനഗര്‍: യുവാവുമായി പ്രണയത്തിലാണെന്ന ആരോപണവുമായി വധുവിന്റെ വീട്ടിലും വിവാഹ വേദിയിലും എത്തി കല്യാണം മുടക്കാന്‍ ശ്രമിച്ച മധ്യവയസ്‌കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കല്യാണം മുടക്കുമെന്നു പറഞ്ഞ് രംഗത്തു വന്നത് അന്‍പത് കഴിഞ്ഞ സ്ത്രീയാണ് . സംഗതി അറിഞ്ഞതോടെ വരൻ പോലീസിൽ പരാതി നൽകുകയായിരുന്നു .

മെഡിക്കല്‍ കോളജ് കസ്തൂര്‍ബാ ജംഗ്ഷന് സമീപം വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് വധുവിന്റെ കുടുംബം. ഇവിടെ എത്തിയാണ് സ്ത്രീ ആദ്യം എത്തിയത്. യുവാവുമായി താൻ പ്രണയത്തിലായിരുന്നെന്നും അതിനാല്‍ എന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഈ വിവാഹം താന്‍ മുടക്കും എന്നു പറഞ്ഞാണ് യുവതി എത്തിയത്.

50 വയസിന് മേല്‍ പ്രായമുള്ളതും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉന്നത കുടുംബത്തിലേതെന്ന് തോന്നിയതിനാല്‍ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വരന്‍ കോട്ടയം സ്വദേശിയും. ഈ സ്ത്രീയുമായി ബന്ധമില്ലെന്ന് ബന്ധുക്കളും വരനും അറിയിച്ചതിനാല്‍ കാര്യമാക്കിയില്ല.

വധുവും കുടുംബവും വിവാഹത്തിന് നാഗമ്പടം ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെത്തി വിവാഹം നടന്നു കൊണ്ടിരിക്കേ ഈ സ്ത്രീ വീണ്ടും വിവാഹവേദിയില്‍എത്തി. തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പോലിസില്‍ വിവരം അറിയിച്ചു. ഗാന്ധിനഗര്‍ പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. വിവാഹശേഷം നവവരന്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി.

കഞ്ഞിക്കുഴി സ്വദേശിനിയായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറയുന്നു. സ്ത്രീയെ സ്ഥലങ്ങളില്‍ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. ഓട്ടം വിളിച്ചതല്ലാതെ ഡ്രൈവര്‍ക്കും സ്ത്രീയെക്കുറിച്ച് അറിയില്ലായിരുന്നു.പിന്നീട് സ്ത്രീയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം പറഞ്ഞു വിട്ടു.

Loading...