വരനെ മണത്തു നോക്കിയതിനു ശേഷം വിവാഹത്തിന് സമ്മതം നല്‍കുകയെന്നു വച്ചാല്‍ എന്താണ് തോന്നുക. ഗുജറാത്തിലെ ഗാന്ധിനഗറിലെ പിയാജ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തില്‍ ഒരു വിചിത്രമായ രീതിയുള്ളത്.

വരന്‍ മദ്യപിക്കുമോയെന്ന് കണ്ടെത്താനാണ് ഇത്തരത്തില്‍ വരനെ മണത്ത് നോക്കുന്നത്. വധുവിന്റെ അച്ഛന്‍, സഹോദരന്‍, അമ്മാവന്‍ തുടങ്ങി ഇരുപത്തഞ്ചോളം വരുന്ന കുടുംബാംഗങ്ങള്‍ക്ക് വരന്‍ മദ്യപിക്കില്ലെന്ന് ഉറപ്പായെങ്കില്‍ മാത്രമാണ് വിവാഹനിശ്ചയം നടക്കുന്നത്.

ഗുജറാത്ത് ഗാന്ധിനഗറിലെ ഗ്രാമങ്ങളില്‍ ഈ രീതി തുടങ്ങിയിട്ട് അഞ്ച് വര്‍ഷം മാത്രമാണ് ആയിട്ടുള്ളത്. 20 വയസില്‍ താഴെയുള്ള പതിനഞ്ചോളം യുവാക്കള്‍ മദ്യത്തിന്റെ അമിത ഉപയോഗം മൂലം ഈ ഗ്രാമത്തില്‍ മരണപ്പെട്ടതാണ് ഇത്തരത്തിലൊരു കടുത്ത നിയമം കൊണ്ടുവരാന്‍ ഈ ഗ്രാമീണരെ പ്രേരിപ്പിച്ചത്. ഈ പ്രദേശത്തെ വിവിധ ഗ്രാമങ്ങളില്‍ ചെറുപ്രായം മുതലുള്ള മദ്യപാനം വളരെ കൂടുതലാണ്.

ഇത് അകാലമരണത്തിനും വഴിവെക്കുന്നുണ്ട്. ഇതോടെയാണ് വിവാഹം കഴിക്കണമെങ്കില്‍ മദ്യപാനം ഉപേക്ഷിക്കണം എന്ന വ്യവസ്ഥ ഗ്രാമമുഖ്യന്മാര്‍ വയ്ക്കുന്നത്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് വിവാഹ ദിവസവും പരീക്ഷണങ്ങള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് വരന് നേരിടേണ്ടി വരും. ഈ ഘട്ടങ്ങളൊക്കെ വിജയിച്ചെങ്കില്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ.

വധുവിന്റെ വീട്ടുകാരെ കബളിപ്പിച്ച വിവാഹം നടന്നാലും, വിവാഹശേഷം മദ്യപിച്ചതിന് വരന്‍ പിടിക്കപ്പെട്ടാല്‍ പെണ്‍വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണം. വിവാഹം നിശ്ചയിച്ച ശേഷം വരനും മാതാപിതാക്കളും മദ്യപിക്കുന്നുണ്ടോ, മദ്യശാലകള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്നും വധുവിന്റെ വീട്ടുകാര്‍ ആന്വേഷിക്കും.

Loading...