സിപിഎമ്മുമായി രാഷ്ട്രീയ ധാരണയ്ക്ക്‌ കേരളത്തിലും കോൺഗ്രസ്‌ തയാറാണെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം ആയുധം താഴെ വയ്ക്കാൻ തയാറാകണം. അക്രമം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അടുത്ത നിമിഷം അവരുമായി കോൺഗ്രസ്‌ ചർച്ചയ്ക്കു തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനമഹായാത്ര നയിച്ചെത്തിയ അദ്ദേഹം മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

ദേശീയതലത്തിൽ ബിജെപി, ആർഎസ്‌എസ്‌ ശക്തികൾക്കെതിരെ ഏതു ജനാധിപത്യ മതനിരപേക്ഷ കക്ഷിയുമായി സഹകരിക്കാനും കോൺഗ്രസ്‌ തയാറാണ്. കേരളത്തിൽ സിപിഎമ്മുമായും സഹകരിക്കാം. ദേശീയ തലത്തിൽ ബിജെപിയെ എങ്ങനെ നേരിടണമെന്ന സിപിഎമ്മിനു വ്യക്തത ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ബംഗാളിൽ സിപിഎമ്മുമായി ധാരണയിലെത്താൻ ശനിയാഴ്ച ഡൽഹിയിൽ ചേർന്ന പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിൽ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സാധ്യത തള്ളാതെയാണ് മാധ്യമങ്ങളോടു സംസാരിച്ചത്. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാകില്ലെന്നും ബിജെപിയെ തോൽപ്പിക്കാൻ നീക്കമുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Loading...