കൊച്ചി :ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി പൊലീസ് തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തിരുന്നു.

ഇവരുടെ മകള്‍ ഗോവയില്‍ പഠിക്കുന്നതിനാല്‍ ഭാര്യ അവിടേയ്ക്കു പോയിട്ടുണ്ടാകാമെന്ന മട്ടില്‍ പ്രേംകുമാര്‍ പ്രചാരണവും നടത്തിയതും ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രേംകുമാര്‍ വാടകവീട് ഒഴിഞ്ഞതുമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രേംകുമാറും കാമുകി സുനിത ബേബിയും പൊലീസ് പിടിയിലാകുന്നത്. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. 

കഴിഞ്ഞ മാര്‍ച്ച് മുതലാണ് പ്രേംകുമാറും വിദ്യയും ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും ഏതാനും മാസങ്ങള്‍ക്കു മുന്‍പു നടന്ന റീയൂണിയനിലാണ് വീണ്ടും ബന്ധം പുതുക്കിയത്. പിന്നീട് നിരന്തരം ഫോണ്‍ സന്ദേശങ്ങള്‍ കൈമാറിയ ഇരുവരും അടുക്കുകയായിരുന്നു. സുനിതയുമായുള്ള ബന്ധത്തെത്തുടര്‍ന്നു പ്രേംകുമാറും വിദ്യയും നിരന്തരം കലഹിച്ചിരുന്നു. തുടര്‍ന്നു വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഇരുവരും ആയുര്‍വേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് വിദ്യയെ തിരുവനന്തപുരത്തെത്തിച്ചത്. 

premkumar-murder

കഴിഞ്ഞ സെപ്റ്റംബര്‍ 20ന് തിരുവനന്തപുരം പേയാടുള്ള പ്രേംകുമാറിന്റെ സുഹൃത്തിന്റെ വില്ലയില്‍ വിദ്യയെ എത്തിച്ചു. ഇതേ വില്ലയുടെ മുകളിലത്തെ നിലയില്‍ സുനിതയും എത്തിയിരുന്നു. വിദ്യയെ ഒഴിവാക്കാന്‍ ഇരുവരും ചേര്‍ന്നു പല പദ്ധതികളും ആസൂത്രണം ചെയ്തു. ഒടുവില്‍ മദ്യം നല്‍കിയ ശേഷം 21ന് പുലര്‍ച്ചെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കിടപ്പു മുറിയില്‍ വച്ചാണു സുനിതയെ കൊന്നത്. ശുചിമുറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് കാറില്‍ കയറ്റി തിരുനെല്‍വേലിയിലെത്തിച്ച് ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. ഇവിടെനിന്ന് പ്രേംകുമാര്‍ നേരെ പോയത് പൊലീസ് സ്‌റ്റേഷനിലേക്കാണ്. ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. സുനിതയും ഒപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീട് നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ ഡസ്റ്റ് ബിന്നില്‍ വിദ്യയുടെ ഫോണ്‍ ഓഫ് ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയില്‍ തമിഴ്‌നാട് പൊലീസ് കണ്ടെത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശത്തു തന്നെ മറവു ചെയ്തു. ഇത് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ വിശദമായ വിവരങ്ങള്‍ അറിയാനാകൂ. താന്‍ മദ്യം നല്‍കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു പ്രേംകുമാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രേംകുമാറിന്റെ സുഹൃത്ത് സുനിതയും പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം സ്വദേശിനായ സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Loading...