തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ യുവതിയുടെ മൃതദേഹം കായലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കാമുകിയുമായി ആളൊഴിഞ്ഞ പാര്‍ക്കില്‍ സംസാരിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് യുവതി മരിക്കുകയായിരുന്നെന്ന കാമുകന്റെ മൊഴി കളവാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. പത്തൊമ്പതുകാരി കസ്തൂരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകത്തിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി നാഗരാജനെ കസ്റ്റഡിയില്‍ വാങ്ങി കൊലപാതകത്തിന്റെ തെളിവുകളും കാരണവും കണ്ടെത്താനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ കുളമംഗലം ഗ്രാമത്തിലാണ് സംഭവം. മരുന്നു കടയില്‍ ജോലി ചെയ്യുന്ന പത്തൊമ്പത്കാരി കസ്തൂരിയും ആ പ്രദേശത്തുതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന്‍ നാഗരാജനും പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് കസ്തൂരിയുടെ മൃതദേഹം കായലില്‍ പൊങ്ങിയത്. പൊലീസില്‍ കീഴടങ്ങിയ നാഗരാജന് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.

കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും നാഗരാജന്റെ വാഹനത്തില്‍ മാങ്കാടുള്ള പാര്‍ക്കിലേക്ക് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നതിടയില്‍ കസ്തൂരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു. വെള്ളം കൊടുത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നും നാഗരാജന്‍ പറഞ്ഞു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ പേടി കാരണം എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് പോയെന്നാണ് നാഗരാജിന്റെ മൊഴി. പിന്നീട് സമീപത്തെ കായലില്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കാമുകിയുടെ മൃതദേഹം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. ചെന്നൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പൊലീസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് സുഹൃത്ത് ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ കീഴടങ്ങിയതെന്നും നാഗരാജ് പൊലീസിന് മൊഴി നല്‍കി.

പക്ഷേ നാഗരാജിന്റെ മൊഴികളിലെ വൈരുധ്യം പൊലീസില്‍ സംശയം ജനിപ്പിച്ചു. സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ കസ്തൂരിയുടേത് കൊലപാതകം എന്ന സൂചന പൊലീസിന് ലഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമല്ല മരണകാരണമെന്ന് സ്ഥിരികരിച്ചതോടെ നാഗരാജിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതിയേയും കൊണ്ട് കസ്തൂരിയുടെ മൃതദേഹം ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയ സ്ഥലത്തും പൊലീസ് എത്തിയിരുന്നു.

കസ്തൂരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നതോടെ പൊലീസ് ഊര്‍ജിതമായി കേസ് അന്വേഷിക്കുകയായിരുന്നു. കസ്തൂരിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

Loading...