ഒരാളുടെ നഖം നോക്കിയാല്‍ അറിയാം അയാളുടെ വ്യക്തിശുചിത്വം. കാരണം നഖം വൃത്തിയായിട്ടാണ് ഇരിയ്ക്കുന്നതെങ്കില്‍ അയാള്‍ എത്രത്തോളം വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നയാളാണെന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ ആരോഗ്യവും നഖവും തമ്മിൽ വലിയ ബന്ധമുണ്ട്. ശരീരത്തിൽ പ്രവേശിക്കുന്ന കീടാണുക്കളുടെ പ്രധാന വാഹകരാണ് നഖങ്ങൾ, പ്രത്യകിച്ചും കുട്ടികളിൽ.

കൈകളിലെ അഴുക്ക് നീക്കം ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൈ ഇടയ്ക്കിടെ കഴുകി വെടിപ്പാക്കുന്നതാണ്‌. ന്യൂമോണിയ, വയറിളക്കം പോലെയുള്ള ഗുരുതര രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത്‌ സഹായിക്കും. ശുചിത്വക്കുറവു മൂലമാണ്‌ അഞ്ചു വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും മരണമടയുന്നത്‌. കൈ വൃത്തിയായി കഴുകുക എന്ന, നിസ്സാരമെന്നു തോന്നുന്ന പ്രവൃത്തിക്ക് മാരകമായ എബോള വൈറസിനെപ്പോലും ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.

ഒരാളുടെ നഖത്തിൽ നോക്കിയാൽ അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏകദേശം കൃത്യമായ വിവരം ലഭിക്കും. ഹൃദയം, കരൾ, ശ്വാസകോശം എന്നിവ സംബന്ധിച്ച രോഗങ്ങൾ നഖം നോക്കി കണ്ടുപിടിക്കാനാകും. നഖത്തിന്റെ മഞ്ഞനിറമോ വിളർച്ചയോ പല രോഗങ്ങളുടെയും ലക്ഷണമാണ്.

1) ഭയപ്പെടേണ്ടതില്ല, സൂക്ഷിക്കാം
നഖത്തിന്റെ എല്ലാ മാറ്റങ്ങളെയും വളരെ ഗൗരവതരമായ അസുഖങ്ങളുടെ ലക്ഷണമായി കരുതേണ്ട. നിസ്സാരകാരണങ്ങൾ കൊണ്ടും മാറ്റമുണ്ടാവാം. പക്ഷേ പതിവില്ലാത്ത അത്തരം മാറ്റങ്ങൾ ശ്രദ്ധിക്കുക. ഒരു ചർമ രോഗവിദഗ്ധന്റെ ഉപദേശം സ്വീകരിക്കാ‌വുന്നതുമാണ്.

2) വിളറിയതും വെളുത്തതുമായ നഖങ്ങൾ
വാർധക്യത്തെ വിളിച്ചോതുന്നതാണ് വിളറിയതും വെളുത്തതുമായ നഖങ്ങൾ. വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ്.

ചിലരുടെ നഖത്തിനുചുറ്റും വെളുത്ത ചുറ്റു പോലെ കാണുന്നത് കരളുമായി ബന്ധപ്പെട്ട അസുഖത്തെ സൂചിപ്പിക്കുന്നതാണ്. ഹെപ്പറ്റൈറ്റിസ് പോലുള്ള അസുഖം ബാധിച്ചവരിലും വെളുത്ത നഖം കാണാം.

3) നഖത്തിലെ മഞ്ഞ നിറം
ചിലരുടെ നഖങ്ങൾ മഞ്ഞനിറത്തിലാവും. ഇതിനു പ്രധാന കാരണം പൂപ്പൽ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിള്ളൽ വീഴുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ കണക്കാക്കുന്നു.

4) നീലനീറം നഖത്തിൽ പടരുക
നഖങ്ങളിൽ നീലനിറം വ്യാപിക്കുന്നത് ഓക്സിജന്റെ കുറവുമൂലമാണ്. ഇത് നമ്മുടെ ശരീരത്തിലെ ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളെ സൂചിപ്പിക്കുന്നു. പ്രമേഹമുള്ളവരിലും പലപ്പോഴും നഖത്തില്‍ നീലനിറം കാണുന്നു.

5) നഖത്തിന്റെ ചുവട്ടിലെ ചുവപ്പുനിറം
നഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് രാശി കാണുന്നത് കോശപാളികളിലെ അസുഖത്തിന്റെ സൂചനയാവാം. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായും ഇത്തരം നിറവ്യത്യാസത്തെ കണക്കാകാം.

6) നഖത്തിനടിയിലെ കറുത്ത വര
വളരെ ഗുരുതരമായ അസുഖത്തെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിലെ കറുത്ത വര. ത്വക്കിലെ കാന്‍സറായ മെലനോമയുടെ ലക്ഷണമായാണ് ഈ പാടുകളെ കണക്കാക്കുന്നത്. നഖങ്ങളില്‍ തെളിഞ്ഞുകാണാം എന്നതുകൊണ്ട് പെട്ടെന്നു രോഗം കണ്ടുപിടിക്കാനാകും.

7) നഖം വിണ്ടുകീറല്‍
കുറച്ചു പ്രായമായവരിൽ ചിലപ്പോഴൊക്കെ നഖങ്ങൾ വരണ്ട് വിണ്ടുകീറുന്നതായി കാണാറുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. വിണ്ടുകീറലിനോടൊപ്പം മഞ്ഞനിറം കുടിയുണ്ടായാല്‍ പൂപ്പല്‍ ബാധയും കണ്ടേക്കാം

8) സോറിയാസിസും പരുപരുത്ത നഖങ്ങളും
നേരിയ വരകളോടുകൂടിയ പരുപരുത്ത പ്രതലത്തിൽ നഖം കാണപ്പെടുന്നത് ചിലയിനം വാതങ്ങളുടെയും സോറിയാസിസിന്റെയും ലക്ഷണമാണ്. നഖത്തിനടിയിലെ തൊലി ചുവപ്പുരാശി കലര്‍ന്ന കാപ്പിക്കളറാകുന്നത് പ്രകടമായ ലക്ഷണമാണ്. സോറിയാസിസിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്.

9) ഒഴിവാക്കാം, നഖം കടിക്കല്‍
ഉത്കണ്ഠാരോഗത്തിന്റെ മുഖ്യലക്ഷണമാണ് ഇടയ്ക്കിടെ നഖം കടിക്കുന്നത്, ഇത് നിസ്സാരമായി കാണാതെ എത്രയും പെട്ടെന്ന് മാറ്റിയെടുക്കേണ്ട ശീലമാണ്. ഒബ്‌സസീവ് കംപല്‍സീവ് ഡിസോഡര്‍ എന്ന മാനസിക രോഗമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. നഖംകടിക്കല്‍ നിര്‍ത്താന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടാം.

Loading...