കൊടുങ്കാറ്റുകളുടെയും പേമാരിയുടെയും തീവ്രതയുള്‍പ്പടെ പ്രവചിക്കാന്‍ കഴിയുന്ന നാസയുടെ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഇനി മാസങ്ങള്‍ കാത്തിരുന്നാല്‍ മതി. നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ കൊടുങ്കാറ്റുകളുട പാത അറിയാന്‍ സാധിക്കുമെങ്കിലും അവയുടെ തീഷ്ണത അളക്കാനാകില്ല. ഈ അപാകത പരിഹരിക്കാന്‍ എട്ട് ചെറിയ ഉപഗ്രഹങ്ങളുടെ കൂട്ടമായ സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്(Cygnss) കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. ഭീകര കൊടുങ്കാറ്റുകളുടെ തീവ്രത അവ വീശിയടിക്കുന്നതിന് മുന്നോടിയായി തന്നെ മനസിലാക്കാന്‍ കഴിയുന്ന ഈ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൊടുങ്കാറ്റിന്റെ പാതയിലുള്ളവരെ വീടുകളില്‍ നിന്നും മറ്റും ഒഴിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ണായകമായ വിവരങ്ങള്‍ കൈമാറാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ട്രോപ്പിക്കല്‍ സിസ്റ്റത്തിന്റെ ഉള്‍കാമ്പിലും അടുത്തുമായി വീശുന്ന പ്രതല കാറ്റിന്റെ വേഗതയളക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് Cygnss സംവിധാനം. കൊടുങ്കാറ്റിന്റെ ശക്തി രൂപം കൊള്ളുന്ന അവയുടെ കണ്ണിന്റെ പുറം പ്രതലത്തിലുള്ള കാറ്റിന്റെ വേഗത അളക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും. ദൃഷ്ടിക്ക് ചുറ്റും രൂപം കൊള്ളുന്ന മഴ മൂലം ഈ മേഖലയിലേക്ക് കടന്നു കയറുന്നത് നിലവിലുള്ള ഉപഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌കരമായ പ്രക്രിയയായിരുന്നു. കേവലം 24 കിലോ മാത്രമാണ് ഓരോ ഉപഗ്രഹത്തിന്റെയും ഭാരം.

സമുദ്ര പ്രതലം പ്രതിഫലിപ്പിക്കുന്ന ജിപിഎസ് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ഇവ കൊടുങ്കാറ്റിന്റെ വേഗം അളക്കുന്നത്. ഈ സിഗ്‌നലുകളാകട്ടെ കൊടുങ്കാറ്റിന്റെ വേഗത രൂപം കൊള്ളുന്ന കണ്ണിലെ കനത്ത മഴയെ കീറിമുറിച്ച് പ്രവേശിക്കാന്‍ പ്രാപ്തിയുള്ളവയാണ്. കൊടുങ്കാറ്റിന്റെ അടുത്തുകൂടി Cygnss ഉപഗ്രഹങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പു നല്‍കാമെന്നാണ് നാസയുടെ പ്രതീക്ഷ.

Loading...