കേരളത്തിലെ ദേശീയപാത വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര മന്ത്രിക്കയച്ച കത്ത് പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ളയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നില്‍.

നാട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആ നാട്ടില്‍ ജീവിക്കുന്ന ജനങ്ങളുടെ സൗകര്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് തന്നെ ബാധ്യതയായിരിക്കും. ബിജെപി ആ ഗണത്തില്‍പ്പെടുന്നുവെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുകയാണ്.

കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇത്തരൊമൊരു കത്ത് കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലെങ്കിലും അവതരിപ്പിക്കേണ്ടതാണ്. അല്ലെങ്കില്‍ പൊതുജനമധ്യത്തില്‍ വെക്കണം. ഇതൊന്നുമില്ലാതെ വളരെ രഹസ്യമായി കത്തയച്ച് വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ഉണ്ടായത്.

നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് വേണ്ടി ദേശീയതലത്തിലുള്ള അധികാരം ഉപയോഗിച്ച് ദേശീയപാത വികസനത്തിന് തടസ്സം സൃഷ്ടിക്കാന്‍ ബിജെപി മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇത്തരം ശക്തികളെ ശക്തമായി നേരിടാന്‍ കേരള ജനത തയ്യാറാകണം. പ്രളയത്തിന്റെ സമയത്തും ഇവരെ കേരള ജനത നേരിട്ടിട്ടുണ്ട്.

ദേശീയപാത വികസനത്തിനായി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. അതിവേഗത്തിലാണ് സ്ഥലമേറ്റെടുപ്പ് സംസ്ഥാനം നടപ്പാക്കിയത്. സംസ്ഥാനവുമായി ചര്‍ച്ച നടത്താതെയാണ് ഇപ്പോള്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്ത് വരുന്നത്. രണ്ട് വര്‍ഷക്കാലം സംസ്ഥാനത്ത് ദേശീയപാതാ വികസനം നിശ്ചലമാക്കുന്നതാണ് തീരുമാനം. സംസ്ഥാനത്തിന്റെ ചിരകാല സ്വപ്‌നത്തിന്റെ ചിറകരിയുന്നതാണ് ഈ തീരുമാനം.

ദേശീയപാതാ വികസനത്തിന്റെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കാത്തത് മാത്രമല്ല കേരളത്തിന്റെ നവോത്ഥാന-പാരമ്പര്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമവും വര്‍ഗീ ചേരിതിരിവുണ്ടാക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു. പുറത്ത് നിന്ന് ലഭിക്കേണ്ട സഹായം തടഞ്ഞുവെച്ചു. ഒരാപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചോതിയ ജനതയെ വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നോക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Loading...