ചെന്നൈ:ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ അഭിനന്ദിച്ച് നടി നയൻതാര. അഭിനയിച്ച സിനിമകളുടെ പ്രമോഷന്‍ പരിപാടികൾക്ക് പോലും പോകാൻ മടിക്കുന്ന താരം ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് സംഭവത്തെ പ്രശംസിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ നയന്‍താര പറയുന്നത്.

ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താനെന്നും മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരേയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനമെന്നും താരം പറയുന്നു. നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിതെന്നും നയൻതാര പറയുന്നു.

Loading...