അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിന് സ്ക്രീൻ ഷോട്ടിലൂടെ ‘പണി’ കൊടുത്ത് നടി നേഹ സക്സേന. നടിയുടെ പിആർ മാനേജരോടാണ് ഗൾഫിലുളള യുവാവ് മോശമായ ഭാഷയിൽ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്കു താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സാപ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.

ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യൽമീഡിയയില്‍ പോസ്റ്റ് ചെയ്തു. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരം ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.

‘അയാളുടെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ അയാൾ അവകാശപ്പെടുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ എന്റെ പിആർ മാനേജരുടെ മെസേജ് വന്നപ്പോൾ എന്തിന് ആ നമ്പർ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ മാപ്പ് എഴുതി അയക്കാനോ കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത്തരം ആളുകൾ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാളുടെ കൈയിൽനിന്നു മാപ്പ് എഴുതി ലഭിക്കാതെ അയാൾക്ക് മാപ്പു നൽകില്ല.’– നേഹ വ്യക്തമാക്കി.

മമ്മൂട്ടി നായകനായ കസബ, മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നേഹ, സഖാവിന്റെ പ്രിയ സഖി ഉൾപ്പെടയുള്ള ചിത്രങ്ങളിൽ നായികയായി.

നേഹയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.

Watch Videos and subscribe our Youtube Channel

 

Loading...