ഐക്യരാഷ്ട്ര സംഘടനയുടെ 2018 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്‌. യൂറോപ്പിന്റെ വടക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന, ജനസംഖ്യ വളരെ കുറഞ്ഞ രാജ്യമാണിത്. എന്തായിരിക്കാം ഈ രാജ്യത്തെ സന്തോഷത്തിന്റെ നിറുകയിൽ എത്തിച്ചത്. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. പിസ (വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പ്രസ്ഥാനം) റാങ്കിങ്ങിൽ ഈ രാജ്യം എപ്പോഴും ഉയർന്ന നില കരസ്ഥമാക്കുന്നു. ഏഴാം വയസ്സിൽ മാത്രമാണ് ഇവിടെ കുട്ടികൾ അക്ഷരങ്ങളുടെ ലോകത്ത്‌ പ്രവേശിക്കുന്നത്. അതുവരെ ഇവർ വരകളുടെയും വർണങ്ങളുടെയും ലോകത്താണ്. സ്കൂളുകളിൽ യൂണിഫോമില്ല. ഹോം വർക്കിന്റെ അമിതഭാരം ഉണ്ടാവില്ല. കാര്യങ്ങൾ ചെയ്തും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇവർ പഠിക്കുന്നത്. സ്കൂൾ സമയം വളരെ കുറവാണ്. മറ്റു സമയങ്ങളിൽ കുട്ടികൾക്ക് അവക്ക് ഇഷ്ടപ്പെട്ട കലാ കായിക വിനോദങ്ങളിൽ മുഴുകുവാൻ സാധിക്കുന്നു. സ്കൂളിൽ റാങ്കിങ്ങും ഗ്രേഡുകളും ഇല്ല. അതുകൊണ്ടുതന്നെ ക്ലാസ്സിൽ ഒന്നാമനാകാൻ കുട്ടികളോ അടുത്ത വീട്ടിലെ കുട്ടിയുടെ മാർക്കുമായി താരതമ്യം ചെയ്ത് അനാവശ്യമായ മത്സരബുദ്ധി കുഞ്ഞു മനസ്സുകളിൽ വളർത്താൻ മുതിർന്നവരും ശ്രമിക്കാറില്ല.

ഗവൺമെന്റ് എല്ലാവർക്കും അനുവദിക്കുന്ന ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം, ട്യുഷൻ ഫീസ് ഇല്ലാത്ത പ്രഫഷനൽ കോഴ്സുകൾ, വലുപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏല്ലാവർക്കും താങ്ങാൻ പറ്റിയ ഡേ കെയർ ഫീസ് മുതലായവ ഈ രാജ്യത്തെ വിദ്യാഭ്യാസ സന്തുലിതാവസ്ഥയുടെ ചില ഉദാഹരണങ്ങൾ മാത്രം. കുഞ്ഞുങ്ങളുടെ സംരക്ഷണം എടുത്തു പറയേണ്ടതാണ്. മാതാപിതാക്കൾക്കു കുട്ടികളുടെ വളർച്ചയിൽ തുല്യ പങ്കാളിത്തമാണുള്ളത്. ഒരു കുട്ടി ജനിച്ചാൽ മാതാവിനോ പിതാവിനോ മൂന്നു വർഷത്തേക്ക് അവധി എടുക്കാം. ഒൻപതു മാസം ശമ്പളത്തോടെയും പിന്നീട് ഗവൺമെന്റ് തരുന്ന നിശ്ചിത തുകയോടെയും കുഞ്ഞുങ്ങളുടെ പരിചരണത്തിനായി വീട്ടിൽ സമയം ചെലവഴിക്കാം.

കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയുടെ അടിത്തറ പാകുവാൻ അച്ഛനമ്മമാരുടെ സാമീപ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി എടുത്തു പറയേണ്ടതില്ലല്ലോ? ഓരോ കുഞ്ഞും ജനിക്കുമ്പോൾ ഒരു വർഷത്തേക്ക് ആവശ്യമായ കുഞ്ഞുടുപ്പുകളും മറ്റും അടങ്ങിയ ഒരു ബോക്സ് സൗജന്യമായി ലഭിക്കുന്നു. ഏഴു വയസ്സു വരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം ‘നവോള’ വ്യവസ്ഥയുടെ കയ്യിൽ ഭദ്രമായിരിക്കും. ഓരോ കുട്ടിക്കും പ്രത്യേകമായി ഒരു നഴ്സ് ഉണ്ടായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും നഴ്സിന്റെ പരിശോധനയിലും നിരീക്ഷണത്തിലും ആയിരിക്കും.

വ്യായാമം ചെയ്യാൻ ഇവരോളം ഉത്സാഹമുള്ള വേറൊരു ജനവിഭാഗം ഇല്ല എന്നുതന്നെ പറയേണ്ടിവരും. ദിവസവും ഇഷ്ടപ്പെട്ട കായികവിനോദത്തിനായി സമയം മാറ്റി വയ്ക്കാറുണ്ട്. 80 വയസ്സുകാരനും 20 വയസ്സുകാരനും ഒരേ ഉത്സാഹത്തോടെ പതിവായി നടക്കുകയോ ഓടുകയോ ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്. ഒരു ഫിന്നിഷ്‌കാരനെ ആദ്യമായി പരിചയപ്പെടുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നാം തയാറായിരിക്കണം- എന്താണ് താങ്കളുടെ ഇഷ്ട കായിക വിനോദം?

അതികഠിനമായ ശൈത്യമാണ് ഇവിടുത്തെ പ്രത്യേകത. പക്ഷേ ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കുന്നവരാണ് ഫിന്നിഷ് ജനത. അതിശൈത്യവും ഇരുട്ടും മഴയുമൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. കൊടുംതണുപ്പിലും അതിന് അനുയോജ്യമായ വസ്ത്രം ധരിച്ചു പുറത്തിറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും ഉത്സാഹം കാണിക്കുന്നവരാണിവർ. കടുത്ത ശൈത്യകാലത്തും പുറത്തെ കാലാവസ്ഥയെ പഴിച്ചുകൊണ്ടു വീട്ടിൽ ഇരിക്കാതെ മഞ്ഞിൽ കളിക്കുന്ന കായിക വിനോദങ്ങളായ സ്കേറ്റിങ്, സ്‌കീയിങ്, സ്ലൈഡിങ് എന്നിവയിൽ മുഴുകുന്നവരാണിവർ. ഇതിനെപ്പറ്റി ചോദിച്ചാൽ ഇവർക്ക് ഒന്നേ പറയാനുള്ളു. ‘മോശം കാലാവസ്ഥ എന്നൊന്നില്ല. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത വേഷവിധാനമാണുള്ളത്.’

ഭക്ഷണക്രമം

വളരെ ചിട്ടയായ ഭക്ഷണക്രമമുള്ളവരാണിവർ. രാവിലെ വളരെ നേരത്തെ ഉണരുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. വൈകുന്നേരം ആറു മണിക്കു ശേഷമുള്ള അത്താഴം ഇവർക്ക് ചിന്തിക്കാനേ കഴിയില്ല. തണുപ്പു രാജ്യങ്ങളിലെ ജനവിഭാഗം ധാരാളം മാംസാഹാരം കഴിക്കുന്നത് സ്വാഭാവികമാണെങ്കിലും സാലഡുകൾ ഉൾപ്പെടുത്താതെയുള്ള ഭക്ഷണശീലം ഇവർക്കു സംതൃപ്തി നൽകുന്നില്ല.

പ്രകൃതി സംരക്ഷണം

പ്രകൃതിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ജനവിഭാഗമാണിവർ. അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർ പോലും അവരുടെ പരിമിതമായ സ്ഥലത്ത് ഒരു ചെടിയെങ്കിലും വളർത്താൻ ശ്രമിക്കാറുണ്ട്. പൊതുസ്ഥലങ്ങൾ വാടകയ്ക്ക് എടുത്ത് വളരെ തുച്ഛമായ ചെലവിൽ ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായി കൃഷികൾ ചെയ്യാറുണ്ട്. വേനൽക്കാലം വളരെ കുറച്ചേ ഉള്ളുവെങ്കിലും ഈ കാലമത്രയും ഉൾപ്രദേശങ്ങളിലുള്ള തങ്ങളുടെ വേനൽക്കാല വസതികളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു.

മീൻപിടുത്തം, സൈക്ലിങ്, നീന്തൽ, ബെറി പിക്കിങ്‌, സോനാ ബാത്ത് എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങൾ. ദീർഘദൂര യാത്രകൾ ചെയ്തു കൂടാരങ്ങളിൽ താവളം അടിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. വേനൽക്കാലമായാൽ അധികം ആളുകളും സൈക്കിൾ യാത്രയാണ് തിരഞ്ഞെടുക്കാറ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും കാർബൺ നിർഗമനം ലഘൂകരിക്കാനും ഇത് സഹായമാകുന്നു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കുറഞ്ഞ നിരക്കിൽ സൈക്കിൾ വാടകയ്ക്കു ലഭിക്കും. ഹെൽസിങ്കി നഗരത്തിന്റെ പല ഭാഗങ്ങളിലും സൈക്കിൾ പാർക്കുകൾ സുലഭമാണ്.

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ പൊതുസ്ഥലങ്ങളും റോഡുകളും വളരെ വൃത്തിയായി സൂക്ഷിക്കുന്നവരാണിവർ. മാലിന്യ സംസ്കരണം ഇവരുടെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാർ

എല്ലാ മേഖലകളിലും അച്ചടക്കം പുലർത്തുന്നവരാണിവർ. റോഡുകളിൽ വണ്ടികൾ സാധാരണയായി ഹോൺ അടിക്കാറില്ല. എല്ലാ വാഹനങ്ങളും നിയമങ്ങൾ പാലിച്ചുകൊണ്ടേ പോകാറുള്ളൂ. കാൽനടക്കാർ വളരെയധികം ക്ഷമയോടെ പെഡസ്ട്രിയൻ പാത്തുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാറുള്ളു. അവരാണ് റോഡിലെ രാജാക്കന്മാർ. എല്ലാ വാഹനങ്ങളും അവർക്കു വേണ്ടി ഒരു മടിയുമില്ലാതെ നിർത്തിക്കൊടുക്കുന്നു.

നഴ്സറികളിൽ വന്നു കുട്ടികളുമായി പാട്ടുപാടുകയും അവരുമായി നൃത്തം വയ്ക്കുകയും ചെയ്യുന്ന പൊലീസിനെ ഇവിടെ കാണാം. പൊതുജനങ്ങളുമായി സൗഹാർദപരമായ ബന്ധം സ്ഥാപിക്കാനുള്ള പൊലീസിന്റെ ഈ നടപടി ശ്‌ളാഘനീയമാണ്.

തൊഴിൽ

ഏതു തൊഴിലിനെയും ബഹുമാനിക്കുന്നവരാണ് ഫിന്നിഷ് ജനത. ഏകദേശം 17 വയസ്സുമുതൽ പഠനത്തോടൊപ്പം ഇവർ പാർട്ട് ടൈം ജോലി ചെയ്തു തുടങ്ങും. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതിനാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്. തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ സംരക്ഷണത്തിനാണ് മുൻ‌തൂക്കം. ശക്തമായ നിയമങ്ങൾ ഇവിടെ തൊഴിലാളികളെ സംരക്ഷിക്കുന്നു. ഏതു ജോലി തിരഞ്ഞെടുക്കുവാനും എന്തു സ്വപ്നത്തെ പിന്തുടരുവാനും യുവജനത കാണിക്കുന്ന അഭിവാഞ്ഛയും അതുവഴി അവർക്കു ലഭിക്കുന്ന മനസികസംതൃപ്തിയും സമൂഹത്തിലും പ്രതിഫലിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയിലേക്ക് കടക്കുമ്പോൾ ഓരോ മേഖലയിലും അവരവരുടേതായ മുദ്ര പതിപ്പിക്കുവാനും സാധിക്കുന്നു.

ജോലിയോടൊപ്പം കായികവിനോദങ്ങൾക്കും സമയം കണ്ടെത്താൻ ഇവർ മിടുക്കരാണ്. ജോലിയിൽനിന്നു നിശ്ചിത ഇടവേളകൾ എടുത്തു കുടുംബവുമായി വിനോദയാത്ര നടത്തുന്നത് ഇവിടുത്തെ ജനങ്ങളുടെ ശീലമാണ്. ഏതു ജോലിത്തിരക്കിനിടയിലും കുടുംബവും കുട്ടികളുമായി ഇവർ ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു. ഇവിടുത്തെ ‘വർക്ക്-ലൈഫ് ‘ സമതുലിതാവസ്ഥ പ്രശംസനീയമാണ്.

സ്ത്രീപുരുഷ സമത്വം

സ്ത്രീ പുരുഷ സമത്വത്തിൽ ഈ രാജ്യം എന്നും മുൻപിൽ തന്നെ. സമൂഹത്തിൽ ഏതു മേഖലയിലും പുരുഷനു തുല്യമായ സ്ഥാനങ്ങൾ സ്ത്രീകൾക്കുമുണ്ട്. വനിതകൾക്കു വോട്ട് അവകാശം ആദ്യമായി അനുവദിച്ച ലോകത്തിലെ മൂന്നാമത്തെയും യൂറോപ്പിലെ ആദ്യത്തെയും രാജ്യമാണിത്. മാത്രമല്ല, 1906 ൽ പാർലമെന്റിലേക്കു മത്സരിക്കാൻ സ്ത്രീകൾക്കും അനുവാദം നൽകിയ ലോകത്തിലെ ആദ്യ രാജ്യമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും ഈ രാജ്യം നൽകുന്ന സുരക്ഷ എടുത്തു പറയേണ്ടതാണ്. ഒരു സമൂഹത്തിൽ സ്ത്രീകളും കുട്ടികളും എത്രമാത്രം സുരക്ഷിതരാണ് എന്നത് ആ സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലാണ്.

സ്വാതന്ത്ര്യം

സമൂഹത്തിലെ തുല്യതയും സമത്വവുമാണ് എടുത്തുപറയേണ്ടത്. ഉച്ചനീചത്വങ്ങൾ ഇല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥയാണിവിടെ. എന്തു പഠിക്കണം, എന്തു ജോലി തിരഞ്ഞെടുക്കണം, ആരെ വിവാഹം കഴിക്കണം ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം സമൂഹത്തിലെ എല്ലാ ജനവിഭാഗവും ഒരുപോലെ അനുഭവിക്കുന്നു. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണവും സൗജന്യ വിദ്യാഭ്യാസവുമെല്ലാം എല്ലാ പൗരന്മാരുടെയും തുല്യ അവകാശമാണ്.

മലയാളം പഠിപ്പിക്കുന്ന ഫിന്നിഷ് സ്കൂളുകൾ

നമ്മുടെ നാട്ടിലെ സ്കൂളുകൾ ഇംഗ്ലിഷ് ഭാഷയ്ക്ക് അമിതപ്രാധാന്യം കൊടുക്കുമ്പോൾ ഈ രാജ്യത്തു മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുവാൻ ഗവൺമെന്റ് അവസരം ഒരുക്കുന്നു. അതെ, ഒരാളിന്റെ വ്യക്തിത്വത്തിന്റെ അടിത്തറയും അവന്റെ സംസ്കാരവും മാതൃഭാഷയുമായി ഇഴുകിച്ചേർന്നതാണെന്ന സത്യം ഈ ജനത മറക്കുന്നില്ല! അതുകൊണ്ടുതന്നെ ഓരോ പൗരനും മാതൃഭാഷ പഠിക്കേണ്ടത് ആവശ്യമാണെന്ന് ഇവർക്കറിയാം.

ലോകത്തിന്റെ ഏതു കോണിൽ നിന്നും വരുന്ന പ്രവാസികളുടെ കുട്ടികൾക്ക് അവരുടെ മാതൃഭാഷ പഠിക്കുവാൻ സ്കൂളുകളിൽ അവസരം ഉണ്ട്. മറ്റു ഭാഷകൾ പഠിക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയ്ക്കും ബൗദ്ധികവികാസത്തിനും മാതൃഭാഷയിലൂടെ ആശയവിനിമയം നടത്തുവാൻ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ പ്രോത്സാഹനം തരുന്നു.

എസ്.കെ. പൊറ്റെക്കാടിന്റെ ‘പാതിരാ സൂര്യന്റെ നാട്ടിൽ’ എന്ന പ്രശസ്തമായ കൃതിയിൽ ഈ നാടിനെക്കുറിച്ചു വളരെ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഈ ജനവിഭാഗത്തെ ഹരിശ്ചന്ദ്രന്മാരെന്നു വിശേഷിപ്പിച്ചിരുന്നു. പൊതുവെ മിതഭാഷികളാണെങ്കിലും വിശ്വസിക്കുവാൻ പറ്റുന്ന ജനവിഭാഗമാണിവർ. ഏതു കാര്യങ്ങളിലും വളരെ സത്യസന്ധമായ അഭിപ്രായം നമുക്ക് ഇവരിൽ നിന്നു പ്രതീക്ഷിക്കാം. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി കുടിക്കുന്ന ജനവിഭാഗമാണിവർ. കാപ്പി കുടിച്ചു മാത്രം സന്തോഷം നേടിയെടുത്തവരല്ല ഫിന്നിഷ്‌കാർ. ഗവണ്മെന്റ് നൽകുന്ന ആരോഗ്യ സംരക്ഷണവും വാർധക്യകാല സുരക്ഷയും ലോകോത്തര നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസവും മാത്രമല്ല ഇവരെ സന്തോഷവാന്മാരാക്കിയത്. മറിച്ചു പ്രകൃതിസംരക്ഷണവും ആരോഗ്യസംരക്ഷണവും സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരുമാണ് ഈ രാജ്യത്തെ ലോകത്തിന്റെ സന്തോഷ കൊടുമുടിയിൽ എത്തിച്ചതെന്ന് നിസ്സംശയം പറയാം!

കടപ്പാട് -മനോരമ

Loading...