ന്യൂസീലൻഡ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും. കൊടുങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ ആൻസി(23) ആണ് മരിച്ചത്. കാർഷിക സർവകലാശാലയിൽ എം.ടെക്ക് വിദ്യാർഥിനിയായ ആൻസി കഴിഞ്ഞ ഒരു വർഷമായി ഭർത്താവുമൊത്ത് ന്യൂസീലൻഡിലാണ്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.

വെള്ളിയാഴ്ചയാണ് ന്യൂസീലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തിലാകെ 49 പേർ മരിക്കുകയും 20ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്.

ആക്രണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേൽക്കുകയും 9 ഇന്ത്യൻ വംശജരെ കാണാതാവുകയും ചെയ്തതായി ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്‌ലി അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇക്ബാല്‍ ജഹാംഗീര്‍, അഹമ്മദാബാദ് സ്വദേശി മെഹബൂബ് ഖോക്കര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഹോട്ടല്‍ നടത്തുകയാണ് ജഹാംഗീര്‍. മകനെ കാണാൻ രണ്ടു മാസം മുന്‍പാണ് മെഹബൂബ് ന്യൂസീലന്‍ഡില്‍ എത്തിയത്.

അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമി സ്വന്തമായി അഞ്ച് തോക്ക് കൈവശം വച്ചിരുന്ന ആളാണെന്നും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്ന് രാജ്യത്തെ തോക്ക് നിയമത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ അറിയിച്ചു. അക്രമികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയിലുണ്ടായിരുന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും ഇയാൾ സന്ദര്‍ശനം നടത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പിടിയിലായവരെ ‍ഏപ്രില്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്തു.

Loading...