കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി. പിടികിട്ടാപ്പുളിയായി പ്രഖ്യാപിച്ച കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറിനെ ആണ് ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിലായിരുന്ന ഇയാളെ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ട് അവിടെ നിന്നും നാട് കടത്തുകയായിരുന്നു.

കേരളത്തില്‍ തീവ്രവാദ ബന്ധം ശക്തിപ്പെടുന്നു എന്ന് വ്യക്തമായ ആദ്യ കേസുകളിലൊന്നായ കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രധാന പ്രതിയാണ് ഇപ്പോള്‍ 13 വര്‍ഷത്തിന് ശേഷം പിടിയിലായിരിക്കുന്നത്. സംഭവത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന കേസിലെ രണ്ടാം പ്രതി തലശ്ശേരി ചെറുപറമ്പ സ്വദേശി മുഹമ്മദ് അഷറിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തത്. 2006 മാര്‍ച്ച് മൂന്നിനായിരുന്നു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും 30 മിനുറ്റുകളുടെ വ്യത്യാസത്തില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു.

കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന ആദ്യ കേസ് കൂടിയാണിത്. 2009ലാണ് കേസ് കേരള പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 2010ല്‍ എട്ടു പ്രതികള്‍ക്ക് എതിരെ എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ലഷ്‌കറെ ത്വയിബ പ്രവര്‍ത്തകന്‍ തടിയന്റവിടെ നസീറിന കൂടാത മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലീം, ഷഫാസ്, ഷമ്മി ഫിറോസ്, പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

2011ല്‍ ഒന്നാം പ്രതി തടിയന്റവിടെ നസീറും ഷഫാസും ഉള്‍പ്പെടെ നാല് പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ വിദേശത്തേയ്ക്ക് കടന്ന മുഹമ്മദ് അസറിനെയും പി യൂസഫിനെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അസറിന ചോദ്യം ചെയ്യുന്നതിലൂടെ യൂസഫും പിടിയിലാകുമെന്നാണ് സൂചന.

Loading...