ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഇര നിര്‍ഭയയുടെ അമ്മ ആഷാ ദേവി.  2012ല്‍ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണ് വാര്‍ത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു. 

അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പോലീസിന് ഞാന്‍ നന്ദി പറയുന്നു. 7 വര്‍ഷമായി ഞാന്‍ ആക്രോശിക്കുകയാണ്, നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കൂയെന്ന്.- ആശാ ദേവി പറഞ്ഞു. ഞാന്‍ ഇപ്പോഴും കോടതിയില്‍ ചുറ്റിത്തിരിയുകയാണ്. ഡിസംബര്‍ 13ന് വീണ്ടും കോടതിയില്‍ പോകണം. ആ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

Loading...