പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സാമ്പത്തിക സംവരണ ബില്‍ ഒരു ചരിത്രപരമായ നീക്കമാണ്. വര്‍ഷങ്ങളായി ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യമായിരുന്നു സംവരണ ബില്‍. ഞങ്ങളുടെ സര്‍ക്കാര്‍ അത് പരിഹരിച്ചിരിക്കുന്നുവെന്നും ഈ നീക്കം നടത്തിയ മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി രാംലീലാ മൈതാനത്ത് നടക്കുന്ന ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019-ലെ തിരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ്. വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. 40 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ സഹായകരമാകും.

അടല്‍ജിയുടേയും അദ്വാനിജിയുടേയും കഠിനാധ്വാനം എല്ലാതലത്തിലും ബിജെപിക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഇവരെപ്പോലെ ആരും കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല. എന്‍ഡിഎ 2019-ല്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ നേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അവിടെ 74 സീറ്റുകള്‍ ലഭിക്കുമെന്നുറപ്പാണ്. അതില്‍ കുറയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 2019-ലെ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. സാസ്‌കാരിക ദേശീയതക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ബിജെപി നിലക്കൊള്ളുമ്പോള്‍ അധികാരം മാത്രമാണ് എതിരാളികളുടെ ലക്ഷ്യം. അന്യോന്യം നേരിടാന്‍ കഴിയാത്ത ആളുകള്‍ ഇപ്പോള്‍ ഒന്നിച്ചുവരികയാണ്. ഒറ്റക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് അവര്‍ക്കറിയാം.

ഇന്ത്യയെ സംബന്ധിച്ചുള്ള ലോകത്തിന്റെ മുഴുവന്‍ വീക്ഷണത്തേയും മോദി സര്‍ക്കാര്‍ മാറ്റിമറിച്ചു. മിന്നലാക്രമണത്തില്‍ വിദഗ്ദ്ധരായ ഇസ്രായേലിനും യുഎസിനുമൊപ്പം ഇന്ത്യയുമെത്തിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്ഥിര താമസ സൗകര്യം ഒരുക്കുമെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്ക്കൊണ്ടാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ബിജെപി ദേശീയ കണ്‍വെന്‍ഷന്‍.

Loading...