എൻഎസ്എസ് നേതൃത്വത്തെ അംഗീകരിക്കാത്ത ചാലക്കുടി സിപിഎം സ്ഥാനാർഥി ഇന്നസന്റിനെ കീഴ് ഘടകങ്ങൾ അംഗീകരിക്കില്ലെന്നു മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഡി.ശങ്കരൻകുട്ടി വ്യക്തമാക്കി. വോട്ടു തേടി എൻഎസ്എസ് ആസ്ഥാനത്തുപോകില്ലെന്നും ചാലക്കുടിയിലെ കീഴ്ഘടകങ്ങളോടു വോട്ടഭ്യർഥിക്കുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിൽ സന്ദശിച്ച ശേഷമാണ് ഇന്നസന്റ് ഇതു വ്യക്തമാക്കിയത്. ഇതേക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഡി.ശങ്കരൻകുട്ടി.

എൻഎസ്എസ് അച്ചടക്കമുള്ള സംഘടനയാണ്. നേതൃത്വത്തെ തള്ളിയൊരു തീരുമാനം എടുക്കില്ല. പല വിഷയങ്ങളിലും എൻഎസ്എസ് എടുത്ത നിലപാടും തിരഞ്ഞെടുപ്പിൽ എടുക്കേണ്ട നിലപാടും അംഗങ്ങൾക്കറിയാം. സമദൂരം പാലിക്കുന്ന സംഘടന എന്ന നിലയിൽ ചില അംഗങ്ങൾക്കു രാഷ്ട്രീയ ചുമതലകൾ ഉണ്ടാകും. എന്നാൽ സംഘടനയുടെ പൊതു നിലപാട് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. എൻഎസ്എസ് നേതൃത്വത്തെ തള്ളിപ്പറയുന്ന ഒരാളെ അംഗീകരിക്കുന്ന രീതി കീഴ്ഘടകത്തിനില്ലെന്നും ശങ്കരൻകുട്ടി വ്യക്തമാക്കി.

Loading...