കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം ഒന്നരലക്ഷം കുറഞ്ഞുവെന്ന് കണക്ക്. 2016ല്‍ 22,71,725 പ്രവാസികളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2017ല്‍ ഇത് 21,21,887 കുറഞ്ഞു. പ്രധാനമായും എണ്ണം കുറയാനുള്ള കാരണമായി കണക്കാക്കുന്ന ഘടകങ്ങള്‍ ഇവയാണ്: യുവ ജനസംഖ്യയിലുണ്ടായ കുറവ്, ഗള്‍ഫ് രാജ്യങ്ങളിലെ വേതനത്തിലുണ്ടായ കുറവ്, കേരളത്തിലെ വേതനവര്‍ധന, ഇന്ധനവില വര്‍ധനയെത്തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിസന്ധി, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം.

പ്രവാസികള്‍ ഈ വര്‍ഷം കേരളത്തിലേക്ക് അയച്ചത് 85,092 കോടി രൂപയാണ്. ഇതില്‍ മുന്നില്‍ മലപ്പുറം ജില്ലയാണ്-17,524 കോടി രൂപ, കൊല്ലം 12,748, തൃശൂര്‍ 9280 കോടി എന്നിങ്ങനെയും അയച്ചു. മുന്‍വര്‍ഷങ്ങള്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ച പണത്തിന്റെ ലഭ്യമായ കണക്കുകള്‍ ഇങ്ങനെ: 1998- 13,652 കോടി, 2003- 18,465 കോടി, 2008- 43,288 കോടി, 2011- 49,695 കോടി, 2013- 71,142 കോടി.

 

പ്രവാസികള്‍ അയയ്ക്കുന്ന പണം പ്രധാനമായും ചെലവഴിക്കപ്പെടുന്നത് വീട്ടുചെലവുകള്‍ക്ക് വേണ്ടിയാണ്. 37.6 ശതമാനമാണ് ഈ ഇനത്തില്‍ ചെലവഴിക്കുന്നത്. 19.2 ശതമാനം നിക്ഷേപം, 12.4 ശതമാനം കടം തിരിച്ചടവ്, 10.9 ശതമാനം, വീട് നിര്‍മാണം/അറ്റകുറ്റപ്പണി, 7.7 ശതമാനം കുട്ടികളുടെ വിദ്യാഭ്യാസം, 4.3 ശതമാനം സ്വര്‍ണം വാങ്ങല്‍, 1.1 ശതമാനം സംഭാവന, 0.5 ശതമാനം സംരംഭങ്ങള്‍ തുടങ്ങാന്‍, 6.5 ശതമാനം മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് ചെലവഴിക്കുന്നത്.

flights

ഏറ്റവും അധികം പ്രവാസികള്‍ ഉള്ളത് ഗള്‍ഫിലാണ്. 18.93 ലക്ഷം പേരാണ് ഗള്‍ഫ് നാടുകളില്‍ കഴിയുന്നത്. യുഎഇ (8,30,254), സൗദി (4,57,454), ഖത്തര്‍ (1,85,573), ഒമാന്‍ (1,82,168), കുവൈത്ത് (1,27,120), ബഹ്‌റൈന്‍ (81,153). സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) മൈഗ്രേഷന്‍ സര്‍വേയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കടപ്പാട്: Manoramaonline

Loading...