കൊച്ചി: ‘‘വീടിനെയും വീട്ടുകാരെയും മാറ്റിനിർത്തിയാണ് ഓരോ ദിവസവും ജോലിക്കെത്തുന്നത്. നാലും അഞ്ചും വട്ടം കുളികഴിഞ്ഞാണ് ഓരോ ദിവസവും വീട്ടിലേക്കും തിരികെ ആശുപത്രിയിലേക്കുമെത്തുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങളുടെ മുന്നിലുള്ള രോഗികൾ വേഗം ആശുപത്രി വിടണമെന്ന ചിന്ത മാത്രമേയുള്ളൂ’’ -കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ജോലിചെയ്യുന്ന നഴ്‌സ് റീജ വിഷ്ണു പറയുന്നു.

‘‘നാലുമണിക്കൂറാണ് ഒരു ഷിഫ്റ്റ്. പി.പി.ഇ. കിറ്റ് ധരിച്ച് എത്തുമ്പോഴേക്കും ഇത് അഞ്ചുമണിക്കൂറാകും. പലപ്പോഴും ഈ നാലുമണിക്കൂറെന്നത് നാലുയുഗം പോലെയാണ് തോന്നുക. ഗ്ലൗസെല്ലാം ധരിച്ച് കൈകൾ വലിഞ്ഞുമുറുകും. ചൂടാണ് ഏറെ അസഹനീയം. പി.പി.ഇ. കിറ്റ് ധരിച്ചാൽ ശൗചാലയം ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ വെള്ളം കുടിക്കില്ല.

ഓരോ പോസിറ്റീവ് കേസുകളുടെ അടുത്തുനിന്ന് ഇറങ്ങുമ്പോഴും ശരീരത്തിൽ ലൈസോൾ സ്‌പ്രേ ചെയ്യും. ആർക്കും ഞങ്ങളാൽ രോഗബാധ ഉണ്ടാകാതിരിക്കാനാണ് പലപ്പോഴും ആശുപത്രിയിൽവെച്ചുതന്നെ രണ്ടുവട്ടം കുളിക്കുന്നതും മറ്റും. രോഗികൾക്ക് കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ അവർക്കുവേണ്ട എല്ലാ കാര്യങ്ങളും നഴ്‌സുമാരും അറ്റൻഡർമാരുമാണു ചെയ്യുന്നത്. അവർ ആകെ കാണുന്ന മനുഷ്യരൂപം ഞങ്ങളുടേതാണ്. അതുപോലും ഞങ്ങളുടെ കണ്ണുമാത്രം. അവരുടെ വിഷമങ്ങളും സംശയങ്ങളുമെല്ലാം ഞങ്ങളോടു പറയും. പലർക്കും അവരുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയും കാണാൻപറ്റാത്ത സങ്കടമാണുള്ളത്. രാത്രിമാത്രമേ ഇവരെ ഒറ്റയ്ക്കാക്കൂ’’ -റീജ പറഞ്ഞു.

അവരുടെ കാര്യം പറയുമ്പോഴാണ് ഞാൻ ഞങ്ങളുടെ ജീവിതം ഓർക്കുക. രണ്ടുവയസ്സുള്ള മകളുണ്ട്. എറണാകുളം കോൺവെന്റ് ജങ്ഷനിലാണ് വീട്. എന്നും സ്കൂട്ടറിനാണ് പോയിവരുക. അവളുള്ളതിനാൽ കൂടുതൽ ശ്രദ്ധയോടെയാണു കാര്യങ്ങൾ ചെയ്യുക. കൊറോണ ഡ്യൂട്ടിക്കു കയറിയതോടെ മകൾക്ക് മുലയൂട്ടുന്നതു നിർത്തി. റിസ്ക് എടുക്കണ്ട എന്നുകരുതി. പാലു കുടിച്ചുമാത്രം ഉറങ്ങിയ കുഞ്ഞ് ഇന്ന് വാശിയിലാണ്. അതുമാത്രമാണ് ഏറെ പ്രയാസമായി തോന്നുന്നത് -റീജ പറയുന്നു.

Loading...