നിലമ്പൂര്‍: വ്യക്തിപരമായ നിലയില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷിയോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത് . യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം വിതുമ്പിക്കൊണ്ട് പ്രസംഗം പാതിയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

“ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ക്കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എല്‍.എ എന്നനിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്”, അദ്ദേഹം പറഞ്ഞു. ഇതിനിടെ വേദിയില്‍ വിങ്ങിപ്പൊട്ടിയ അദ്ദേഹം തന്റെ സഹായം പ്രഖ്യാപിച്ചും സഹായം അഭ്യര്‍ഥിച്ചും നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്നും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. നിലമ്പൂരിലെ പ്രളയഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും എം.എല്‍.എയും മുന്നിലുണ്ടായിരുന്നു.

Loading...