യുഎഇയിലെ ഫുജൈറ തീരത്ത് നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഞായറാഴ്ച രാവിലെയുണ്ടായ സംഭവം യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ ജലാതിര്‍ത്തിയിലാണ് ആക്രമണമുണ്ടായത്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎഇ അറിയിച്ചു. അതേസമയം, തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിച്ചു.

യുഎഇയില്‍ ആക്രമിക്കപ്പെട്ടതില്‍ തങ്ങളുടെ കപ്പലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും സൗദി മന്ത്രി അറിയിച്ചു. മേഖലയില്‍ ആക്രമണ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹ സംഭവം. വന്‍ ആക്രമണമായിട്ടാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ….

നാല് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പറയുന്നു. യാത്രാ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നും അവര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കപ്പലുകള്‍ക്കോ കപ്പലിലുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ആര്‍ക്കും പരിക്കില്ലെങ്കിലും ഗുരുതരമായ സംഭവമാണ് നടന്നതെന്ന് യുഎഇ പറയുന്നു. അന്വേഷണം തുടരുകയാണ്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. കപ്പലുകളെ സംബന്ധിച്ചോ അതിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചോയുള്ള വിവരങ്ങള്‍ യുഎഇ പരസ്യമാക്കിയിട്ടില്ല.

എന്നാല്‍ സൗദി അറേബ്യയുടെ വിശദീകരണം സംഭവത്തിന്റെ ഗൗരവം കാണിക്കുന്നു. യുഎഇ തീരത്ത് ആക്രമിക്കപ്പെട്ടതില്‍ തങ്ങളുടെ രണ്ട് എണ്ണകപ്പലുകളുണ്ടെന്നാണ് സൗദി ഊര്‍ജ വകുപ്പ് മന്ത്രി പറഞ്ഞത്. കപ്പലുകള്‍ക്ക് കേടുകള്‍ സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കി,

ജലസുരക്ഷ നഷ്ടപ്പെടുത്തുന്ന ശക്തികളെ വെറുതെവിടില്ലെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് റാഷിദ് അല്‍ സയാനി മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഇറാനാണ് എന്ന സൂചനയാണ് ഗള്‍ഫ് നേതാക്കള്‍ നല്‍കുന്നത്.

ഫുജൈറയില്‍ പത്തോളം എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും യുദ്ധവിമാനങ്ങള്‍ തുറമുഖത്ത് വട്ടമിട്ടു പറന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നില്ലെന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

ഗള്‍ഫില്‍ ചില അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം അമേരിക്ക സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അമേരിക്കയുടെ പടക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടത്. യുദ്ധവിമാനങ്ങളും അമേരിക്ക ഇറാനോട് ചേര്‍ന്ന മേഖലയിലേക്ക് അയച്ചിട്ടുണ്ട്. മേഖലയില്‍ ഭീതി വര്‍ധിപ്പിക്കുന്നതാണ് അമേരിക്കയുടെ നീക്കം.

എന്നാല്‍ ആക്രമണം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയിട്ടില്ലെന്ന് ഫുജൈറ അധികൃതര്‍ പറഞ്ഞു. ലബ്‌നാനിലെയും റഷ്യയിലെയും മാധ്യമങ്ങളാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുറമുഖത്ത് സ്‌ഫോടനവും വന്‍ തീഗോളവുമുണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്രയും സംഭവങ്ങളുണ്ടായില്ലെന്ന് യുഎഇ അറിയിച്ചു.

ആദ്യം വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ നല്‍കിയ ചിത്രങ്ങള്‍ 2009ലേതായിരുന്നു. അന്ന് ജബല്‍ അലിയില്‍ തീപ്പിടുത്തമുണ്ടായ വേളയിലെ ചിത്രമാണ് നല്‍കിയതെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ യുഎഇയിലേക്കുള്ള യാത്ര പ്രശ്‌നമാണെന്ന പ്രചാരണവും സോഷ്യല്‍ മീഡിയകളിലുണ്ടായെന്നു യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഹമദ് അല്‍ റഹൂമി പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്തി. എണ്ണ കയറ്റുമതിക്ക് അനുവദിക്കുന്നില്ല. ഇതിനെ ചെറുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്റെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും അമേരിക്ക നടപടിയെടുക്കുന്നുണ്ട്.

ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകലും യുദ്ധവിമാനങ്ങളും യൂറോപ്പില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടത്. തൊട്ടുപിന്നാലെ പുതിയ സംഭവങ്ങളുണ്ടായത് ആശങ്കയുണ്ടാക്കയിട്ടുണ്ട്.

ഇറാന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാഖ് യുദ്ധകാലത്ത് പോലുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ത്തിവെച്ച ആണവ പദ്ധതി ഒരുപക്ഷേ പുനാരാരംഭിക്കുമെന്ന് ഇറാന്‍ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.

ഇറാനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനികമായി നീങ്ങാനും അമേരിക്ക ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകല്‍ ഇറാനെ ലക്ഷ്യമിട്ട് പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന് ശക്തമായ സന്ദേശം നല്‍കുകയാണ് അമേരിക്ക. എന്തെങ്കിലും രീതിയിലുള്ള പ്രകോപനത്തിന് ഇറാന്‍ തുനിഞ്ഞാല്‍ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ പറയുന്നു. അമേരിക്കക്കെതിരെ താക്കീതുകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും യുദ്ധക്കപ്പലുകള്‍ പുറപ്പെട്ട കാര്യം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ഇവിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ റോന്തു ചുറ്റുന്നുണ്ട്. ഒരുപക്ഷേ ഇറാന്‍ ചരക്കു കടത്ത് തടഞ്ഞാല്‍ സാഹചര്യം മാറിമറിയും. അമേരിക്ക ആക്രമണം നടത്തില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് തീരുമാനമെന്നും ജോണ്‍ ബോള്‍ടണ്‍ സൂചിപ്പിച്ചു.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലുകളാണ് പശ്ചിമേഷ്യയിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് പുറമെ ബോംബര്‍ ഫോഴ്‌സ് അംഗങ്ങളും യൂറോപ്പില്‍ നിന്ന് എത്തിയിട്ടുണ്ട്. ഇതില്‍ കൃത്യമായ സന്ദേശം ഇറാന് നല്‍കുന്നുണ്ട്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണം ഉണ്ടായാല്‍ ഇടപെടുമെന്നും ബോര്‍ട്ടണ്‍ വ്യക്തമാക്കി.

ഇറാനുമായി യുദ്ധം ചെയ്യാന്‍ അമേരിക്കക്ക് പ്രത്യേക താല്‍പ്പര്യമില്ല. എന്നാല്‍ ഏത് ആക്രമണത്തെയും നേിടാന്‍ തങ്ങള്‍ ഒരുക്കമാണ്. ഇറാന്‍ സൈന്യമോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ ആക്രമണം നടത്താനാണ് സാധ്യത. ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ യുദ്ധം ആരംഭിക്കുമെന്നും ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഗള്‍ഫില്‍ ആദ്യമായിട്ടാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിന്യസിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളാണ് നിലവിലെ സാഹചര്യത്തിലേക്ക് എത്തിച്ചത്. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയ്യെടുത്ത് ഇറാനുമായി ഒപ്പുവച്ച ആണവ കരാര്‍ ട്രംപ് റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇറാന്‍ സൈന്യത്തെ മൊത്തം ഭീകരരായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയും വിവാദമായി.

Loading...