ആരോഗ്യ മേഖല സമ്പൂര്‍ണമായി സ്വദേശിവത്കരിക്കുവാന്‍ ഒരുങ്ങി ഒമാന്‍ സര്‍ക്കാര്‍. ഫാര്‍മസിസ്റ്റ് തസ്തിക പൂര്‍ണമായും സ്വദേശികള്‍ക്കായി നീക്കി വെക്കുവാന്‍ നിര്‍ദ്ദേശം. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തു വരുന്ന ബിരുദ ധാരികളയായ വിദേശ ഫാര്‍മസിസ്റ്റുകളുടെ വിസകള്‍ മാത്രമേ മന്ത്രാലയം ഇപ്പോള്‍ പുതുക്കി നല്‍കുന്നുള്ളു. ഈ തസ്തികയിലേക്കുള്ള പുതിയ നിയമനകള്‍ എല്ലാം സ്വദേശികള്‍ക്കു മാത്രമായി നീക്കി വെച്ചുകൊണ്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഉടന്‍ തന്നെ നൂറോളം സ്വദേശി ഫര്‍മസിസ്റ്റുകള്‍ക്കു പൊതു മേഖലയില്‍ നിയമനം നല്‍കും.

ആരോഗ്യ മന്ത്രാലയം അവസാനം പുറത്തിറക്കിയ കണക്കു പ്രകാരം സ്വദേശിവത്കരണ നിരക്ക് 70 ശതമാനം എത്തിയതായാണ് റിപ്പോര്‍ട്ട്. ഒമാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സ്വദേശി വിദ്യാര്‍ഥികള്‍ ആണ് വ്യത്യസ്ത മെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ തൊഴില്‍ വിപണിയെ ആശ്രയിക്കുന്നത്.

ഇതുമൂലം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന മലയാളികള്‍ ഉള്‍പെടെ ധാരളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വദേശിവത്കരണം പൊതുമേഖലയില്‍ പുരോഗമിക്കുമ്പോഴും, സ്വകാര്യ ആരോഗ്യ മേഖലയിലും സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ മറ്റു 19 തസ്തികകളിലും സ്വദേശികളെ നിയമിക്കുവാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.

Loading...