മഴക്കാലവുമായി ബന്ധപ്പെട്ട് സഞ്ചാരികളുടെ തിരക്കേറുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ നടപടികളുമായി ഒമാന്‍ ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മാത്രമല്ല വിനോദ സഞ്ചാരമേഖലകളില്‍ പരിശോധനകളും ശക്തിപ്പെടുത്തി. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് സുരക്ഷ കര്‍ശനമാക്കിയത്.

ചെറിയ പെരുന്നാള്‍ അവധിയോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ നടപടി. ബീച്ചുകളില്‍ അടക്കം തിരക്കുള്ള മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സിവില്‍ ഡിറന്‍സ് നിരീക്ഷണം കര്‍ശനമാക്കി.

വളരെ സുന്ദരവും വൃത്തിയുളളതുമായ ഒമാന്റെ ഭൂപ്രകൃതിയെ അതിന്റെ തനിമയോട് കൂടി നിലനിര്‍ത്തുവാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സ്വദേശികളും വിദേശികളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാത്രമല്ല ജലാശയങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇതിനായി ബോധവത്കരണ പരിപാടികളും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ മാസം അവസാനം ആരംഭിച്ച് സെപ്റ്റംബറില്‍ വസാനിക്കുന്ന സലാലയിലെ ഖരീഫ് സീസണ് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പുരോഗമിച്ചു വരികയാണ്. മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നടക്കം നിരവധി സന്ദര്‍ശകര്‍ ആയിരിക്കും ഖരീഫ് എന്ന മണ്‍സൂണ്‍ കാലാവസ്ഥ ആസ്വദിക്കുവാന്‍ എത്തുക.

Loading...