ഒമാനില്‍ തൊഴില്‍ നിയമനങ്ങളുടെ അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കുേമ്പാള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ സാക്ഷ്യപ്പെടുത്തിയ യഥാര്‍ത്ഥ രേഖകള്‍ കൂടെ നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവ കൈകാര്യം ചെയ്യുന്നതിനും വ്യാജ രേഖകള്‍ വ്യാപനം തടയുന്നതിനും വേണ്ടിയാണ് നടപടി.

മെഡിക്കല്‍, അക്കാദമിക് തുടങ്ങിയ വിദഗ്ധ ജോലികളിലേക്കുള്ള അപേക്ഷകള്‍ക്ക് ആദ്യം അതത് സ്ഥാപനങ്ങളിലെ മേല്‍നോട്ട വകുപ്പുകള്‍ അംഗീകാരം നല്‍കണം. ജോലി ലഭിച്ചതിന് ശേഷം നേടുന്ന യോഗ്യതകളും സര്‍ട്ടിഫിക്കറ്റുകളും സംബന്ധിച്ച് ജീവനക്കാരന്‍ തൊഴിലുടമക്ക് കൃത്യമായ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍, കേസുകളില്‍ അന്തിമ വിധി വരാന്‍ സമയമെടുക്കുന്നു. ഇത്തരം കേസുകള്‍ പ്രോസിക്യൂഷന് കൈമാറുന്നത് കൊണ്ട് മാത്രം പ്രശ്‌നം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യപ്പെടുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

1975 മുതല്‍ 1250 വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലെത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ തത്തുല്യ യോഗ്യത നിര്‍ണയ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നാസര്‍ അല്‍ റുഖൈശി വ്യക്തമാക്കി. ഇവയില്‍ 108 കേസുകള്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേതായിരുന്നു. 25 കേസുകളില്‍ വ്യാജ സ്ഥാപനങ്ങളാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.

Loading...