കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ . പലർക്കും തങ്ങളുടെ ഉറ്റവർ ചെയ്തുകൂട്ടുന്ന കാര്യത്തിൻറെ ഗൗരവം അറിയില്ല എന്നതാണ് സത്യം .കഴിഞ്ഞ ദിവസം ചൈൽഡ് പോൺ കേസിലെ ഒരു പ്രതിയെ പിടികൂടാനായി തിരുവനന്ത പുറത്തെ അയാളുടെ വീട്ടിലെത്തിയ പോലീസ് തന്നെ ഞെട്ടി സിനോട് അയാളുടെ ഭാര്യയും രണ്ടു പെൺമക്കളുമുള്ള യുവതി അദ്ദേഹം ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് അവർ തർക്കിക്കുകയായിരുനെന്ന് അന്വേഷണ ഉദ്യോഗസ്ഥൻറെ വെളിപ്പെടുത്തൽ . ‘ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ’ എന്നായിരുന്നു ആ കുടുംബിനിയുടെ വാദം. ഒടുവിൽ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോഴാണ് അവർ ഒന്നയഞ്ഞത്. പ്രതിയാകട്ടെ ഒരു രാജ്യാന്തര ടെക് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പ്രതി. തിരച്ചിലിൽ പൊലീസ് കണ്ടെത്തിയതാകട്ടെ ഒരു ടിബിയിലധികം വരുന്ന ഹാർഡ്ഡിസ്കിൽ നിറയെ ചൈൽഡ് പോൺ വിഡിയോ.

ഓരോ വീട്ടിലും പ്രതികളെ പിടികൂടാൻ ചെല്ലുമ്പോൾ പൊലീസ് നേരിട്ടത് നിസ്സഹായരായ മാതാപിതാക്കളെയോ ബന്ധുക്കളെയോ ആണ്. മക്കൾ, അല്ലെങ്കിൽ ഭർത്താവ് സ്വകാര്യതയിൽ കാട്ടിക്കൂട്ടുന്നതിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ് ഏറെ പ്രയാസം. തർക്കിക്കാൻ ബന്ധുക്കൾ മുതിർന്നാലും പ്രതികൾ അതിനു നിൽക്കാറില്ല, എല്ലാത്തിനും കൃത്യമായ തെളിവുകളുണ്ടെന്ന് അവർക്കു തന്നെ ബോധ്യമുണ്ടെന്നതാണ് കാര്യം. കുറ്റകൃത്യത്തിന്റെ അനന്തരഫലം എത്ര ഗുരുതരമെന്നു ബോധ്യപ്പെടുന്നതോടെ തളർന്നു പോകുന്നത് കുടുംബാംഗങ്ങളാണെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ നിർദേശമനുസരിച്ച് കേരളത്തിൽ സൈബർ ഡോം നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ മൂന്നു ഘട്ടങ്ങളായി അറസ്റ്റിലായത് 37 പേരാണ്. തെളിവു നശിപ്പിച്ചതിനെ തുടർന്ന് ഫോണുകളും കംപ്യൂട്ടറുകളും റിക്കവർ ചെയ്യുന്നതിനായി ഏതാണ്ട് 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കൈവശം വച്ചതിനും പ്രചരിപ്പിച്ചതിനും സൈബർ ഡോം അന്വേഷണത്തിൽ പിടിയിലായവർ ചില്ലറക്കാരല്ല. എറണാകുളത്തു പിടിയിലായ രണ്ടു പേരിൽ ഒരാൾ ഒരു പേരുകേട്ട ആശുപത്രിയിൽ ഉന്നത സ്ഥാനം വഹിക്കുന്നു. മറ്റൊരാൾ അതേ ആശുപത്രിയിലെ ഡോക്ടർ. മനോവൈകല്യം എന്നൊക്കെപ്പറഞ്ഞു തള്ളിക്കളയാൻ വരട്ടെ, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പു നൽകിയിട്ട് വർഷങ്ങളായി. കുട്ടികൾക്കെതിരെ ഉള്ള ഒരതിക്രമവും മാനസിക വൈകല്യമെന്നു പറഞ്ഞു തള്ളിക്കളയാൻ പൊലീസോ നിയമമോ തയാറല്ല എന്ന വ്യക്തമായ സൂചനയാണ് ഈ ഉന്നതരുടെ അറസ്റ്റ്. ജാമ്യമില്ലാത്ത കേസാണെന്നു മാത്രമല്ല, മൂന്നു മുതൽ അഞ്ചുവർഷം വരെ തടവു ശിക്ഷയും പ്രതികൾ അനുഭവിക്കേണ്ടി വരും. രാജ്യാന്തര തലത്തിൽ നിയമം ഇതിനേക്കാൾ കർശനമാണെന്നു കൂടി ഓർക്കണം.

ഇന്ത്യയിൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് 2017ൽ ഇന്റർപോൾ നൽകിയ സൂചനകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേരള പൊലീസ് ജാഗരൂകരായത്. കേരളമാണ് ഇക്കാര്യത്തിൽ കൂടുതൽ മുന്നോട്ടു പോയത്. അതുകൊണ്ടുതന്നെ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ പഞ്ചാബ്, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എഡിജിപിയും സൈബർഡോം നോഡൽ ഓഫിസറുമായ മനോജ് ഏബ്രഹാമിന്റെ സഹായം തേടിയിട്ടുണ്ട്. അവരുടെ സംസ്ഥാനത്തെത്തി ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ എടുക്കുന്നതിനും ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സൈബർ ഡോം ഇന്റർപോളിന്റെ സഹായത്തോടെ നടത്തുന്ന ഓപ്പറേഷൻ പി ഹണ്ട് വൻ വിജയമാണെന്നു പൊലീസ് പറയുന്നു. കുറ്റക്കാരിൽ അറസ്റ്റിലായത് നാമമാത്രം ആളുകളാണ്. അതേസമയം അറസ്റ്റ് വാർത്തകൾ പുറത്തു വന്നതോടെ ഇത്തരമൊരു ടെലഗ്രാം ഗ്രൂപ്പിൽ നിന്ന് 170,000 പേരാണ് എക്സിറ്റ് ആയതെന്നാണ് വിവരം. ഇന്നലെ ടെലഗ്രാമിൽനിന്ന് ഏതാനും ഗ്രൂപ്പുകൾ തന്നെ ഇല്ലാതായിട്ടുണ്ട്. പൊലീസ് നിരീക്ഷണ പരിധിയിൽ ഏതാനും വാട്സാപ് ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വാട്സാപ് കമ്പനി അക്കൗണ്ടുകൾ തന്നെ ബാൻചെയ്തു. എന്നു മാത്രമല്ല, അതിലെ അംഗങ്ങൾക്ക് പുതിയ ഫോൺ നമ്പരെടുത്ത് പുതിയ വാട്സാപ് അക്കൗണ്ട് എടുക്കേണ്ടിയും വന്നു.

ഈ ഗ്രൂപ്പുകളിൽ നിശബ്ദരായിരുന്നു വിഡിയോ കാണുന്നവരെക്കാൾ ടൊറന്റ് സൈറ്റുകളിലും മറ്റും കയറി ഇത്തരം വിഡിയോ ഡൗൺലോഡ് ചെയ്ത് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നവരെയാണ് പൊലീസ് പിടികൂടിയത്. തുടർച്ചയായി ഇത്തരം വിഡിയോ മാത്രം വരുന്ന ഗ്രൂപ്പുകളിലെ അംഗങ്ങളെയും ഡൗൺലോഡ് ചെയ്ത് കണ്ടവരെയും സൈബർഡോം നിരീക്ഷിക്കുന്നുണ്ട്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ടൊറന്റ് സൈറ്റുകളിലേക്കു പോൺ തേടി ഇറങ്ങുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണെന്നും പുതിയ സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും നിരീക്ഷകർ സമ്മതിക്കുന്നുണ്ട്.

Loading...