സമ്പാദ്യം എങ്ങനെ ഇരട്ടിയാക്കാം എന്ന് ചിന്തിയ്ക്കാത്തവർ കുറവാണ്. എന്നാൽ ചില അബദ്ധങ്ങളിൽ ചാടി ആകെ ഉണ്ടായിരുന്ന സമ്പാദ്യം കൂടി നഷ്ട്ടപ്പെടുത്തുന്നവരും കുറവല്ല. പൈസ ഇരട്ടിയാക്കാനും സ്ഥിരവരുമാനം നേടാനുമുള്ള ചില വരുമാന മാർഗങ്ങൾ ഇതാ

ഫിക്സഡ് ഡിപ്പോസിറ്റ്
നിക്ഷേപകരുടെ പണത്തിന് കൃത്യമായ പലിശ വരുമാനം ഉറപ്പുനല്‍കുന്ന നിക്ഷേപമാര്‍ഗമാണ് ഫിക്‌സഡ് ഡിപ്പോസിറ്റ്. ഇതില്‍ നിന്നുള്ള വരുമാനത്തിന് നികുതിയുണ്ടെങ്കിലും സാധാരണക്കാർക്ക് എന്നും പ്രിയം ഫിക്സഡ് ഡിപ്പോസിറ്റുകൾ തന്നെയാണ്. എന്നാല്‍ സ്ഥിരനിക്ഷേപത്തിലെ പലിശ നിരക്ക് കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. പലിശനിരക്കില്‍ ഇനിയൊരു താഴ്ച ഉണ്ടാകാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട്
ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകൾ മെച്ചപ്പെട്ട വരുമാനം നേടി തരുന്ന ഒരു നിക്ഷേപ മാർഗമാണ്. കൂടാതെ വളരെ ചെറിയ രീതിയിലുള്ള നികുതി മാത്രമേ നിക്ഷേപകർക്ക് നൽകേണ്ടി വരുന്നുള്ളു. എന്നാല്‍ സ്ഥിരനിക്ഷേപങ്ങളുടെയത്ര സുരക്ഷിതമല്ല ഡെബ്റ്റ് ഫണ്ടുകള്‍. ഇതില്‍ നിന്നുള്ള നേട്ടത്തിന് ഉറപ്പു പറയാൻ സാധിക്കില്ല. ആര്‍ബിഐ പലിശ നിരക്കുകൾ കൂട്ടുന്നതും കുറയ്ക്കുന്നതുമനുസരിച്ച് വരുമാനത്തിൽ മാറ്റങ്ങൾ വരാം.

ടാക്‌സ് ഫ്രീ ബോണ്ട്
പേര് പോലെ തന്നെ ടാക്‌സ് ഫ്രീ ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതിയില്ല. ഇത്തരത്തിൽ നിക്ഷേപിക്കുന്നതിന് രണ്ടു തരത്തിലുള്ള പ്രയോജനങ്ങളാണ് ലഭിക്കുക. പലിശവരുമാനവും മൂലധന വര്‍ധനവും. 10, 15, 20 വര്‍ഷം വരെ കാലാവധിയുള്ളതാണ് ഇത്തരം ബോണ്ടുകള്‍. കാലാവധിക്ക് മുമ്പ് എടുക്കുകയാണെങ്കിൽ മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടി വരും.

ഗവണ്‍മെന്റ് ബോണ്ട്
ആറു വര്‍ഷം കാലാവധിയുള്ള ഇത്തരം ബോണ്ടുകള്‍ക്ക് എട്ടു ശതമാനം വരെയാണ് പലിശ. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ് എന്നത് നിക്ഷേപകരുടെ എണ്ണം കൂട്ടുന്നു. നിശ്ചിത ബാങ്കുകളില്‍ നിന്ന് ഇത്തരം ബോണ്ടുകള്‍ ലഭ്യമാകും.

നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേഴ്‌സ് (എൻസിഡി)
നിശ്ചിതകാലാവധിക്കുശേഷം വിറ്റു പണമാക്കാവുന്നതും എന്നാല്‍ ഓഹരിയായി മാറ്റാന്‍ പറ്റാത്തതുമായ കടപ്പത്രങ്ങളാണ് നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേഴ്‌സ് (എൻസിഡി) . സാധാരണയായി നിക്ഷേപസ്ഥാപനങ്ങളും സൊസൈറ്റികളുമാണ് ഇത്തരം നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കാറുള്ളത്. കൃത്യമായ വരുമാനമാണ് ഇത്തരം ഡിബഞ്ചറുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍ മാസം തോറുമോ ഓരോ പാദത്തിലുമോ വാര്‍ഷികമായോ പലിശ നല്‍കുന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ക്യുമുലേറ്റീവ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ലഭിക്കുന്ന പലിശ പുനര്‍നിക്ഷേപിക്കുകയും കാലാവധിയെത്തുമ്പോള്‍ ലഭിക്കുകയും ചെയ്യും.

ചെറുകിട നിക്ഷേപ പദ്ധതി
പബ്ലിക് പ്രോവിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി സ്‌കീം തുടങ്ങിയവയാണ് ചെറുകിട നിക്ഷേപ പദ്ധതികൾ. അടുത്തിടെ ധനകാര്യ മന്ത്രാലയം ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. എന്നിരുന്നാലും ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പലിശ നിരക്കാണ് ഇത്തരം നിക്ഷേപ പദ്ധതികളില്‍ നിന്ന് ലഭിക്കുന്നത്.

Loading...