സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ പറവ തീയേറ്ററുകളില്‍ തരംഗമാവുകയാണ്. ദുല്‍ഖര്‍, ഷെയ്ന്‍ നിഗം തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ സിനിമയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. മട്ടാഞ്ചേരിയിലെ മനുഷ്യര്‍ക്കൊപ്പമാണ് സൌബിന്റെ പറവയെന്ന് മാധ്യമപ്രവര്‍ത്തകന്‍ മനീഷ് നാരായണന്‍.

തന്റെ എഫ് ബി പേജിലാണ് മനീഷ് നാരായാണന്‍ പറവയെ കുറിച്ച് വിശദീകരിക്കുന്നത്. മാറുന്ന മലയാള സിനിമയുടെ പുതിയ ഉയരം അടയാളപ്പെടുത്തിയാണ് പറവ പറക്കുന്നതെന്ന് മനീഷ് വ്യക്തമാക്കുന്നു. ചെറുപ്പത്തിന്റെ കളങ്കമില്ലായ്മയും, അതിജീവനശ്രമങ്ങളും സമൂഹമനസ്സിനെ നവീകരിക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിച്ച ഗപ്പിക്കും കാക്കാമുട്ടെയ്ക്ക് ശേഷം അതുപോലെ ഒന്നായി മാറിയിരിക്കുകയാണ് പറവയെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

മനീഷ് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്

പറവ
നമ്മുടെ സിനിമ ഗുണ്ടകളെയും കഞ്ചാവ് വില്‍പ്പനക്കാരെയും പോലീസിനെ വെട്ടിച്ചോടിയ പ്രതികളെയും പിടികിട്ടാപ്പുളികളെയും തിരഞ്ഞോടുന്ന ഇടങ്ങളായിരുന്നു മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും. മുംബൈ അധോലോകത്തിന്റെ അപരഭൂമികയായി ചിത്രീകരിക്കപ്പെട്ട ഈ ഇടങ്ങളിലെ യഥാര്‍ത്ഥ ജീവിതവും അതിജീവനവുമൊക്കെ കലര്‍പ്പില്ലാതെ ചിത്രീകരിക്കപ്പെട്ടത് രാജീവ് രവിയുടെ അന്നയും റസൂലിലുമാണ്. നഗരം മാനംമുട്ടെ വളര്‍ന്ന് മുന്നേറുമ്പോള്‍ വീടുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന വഴികളിലൂടെ തലങ്ങും വിലങ്ങുമോടുന്ന മട്ടാഞ്ചേരിയിലെ മനുഷ്യര്‍ക്കൊപ്പമാണ് സൗബിന്‍ ഷാഹിറിന്റെ പറവ. കഥാന്തരീക്ഷത്തിലേക്കും കഥാപാത്രങ്ങളിലേക്കും പ്രേക്ഷകര്‍ക്ക് ഒരു ഘട്ടത്തിലും പ്രവേശിക്കാനാകാത്ത വിധം അടഞ്ഞുപോയ ആഖ്യാനങ്ങളും, കേവലനന്മയില്‍ പൊലിപ്പിച്ചെടുത്ത മെലോഡ്രാമകളും ആവര്‍ത്തിക്കുന്നിടത്ത് മാറുന്ന മലയാള സിനിമയുടെ പുതിയ ഉയരം അടയാളപ്പെടുത്തിയാണ് പറവ പറക്കുന്നത്. തങ്ങളില്‍ നിന്ന് കട്ടെടുത്ത മീനുകളെ തിരിച്ചെടുത്ത് ഇച്ചാപ്പിയും ഹസീബും സൈക്കിളില്‍ കുതിക്കുന്ന തുടക്കസീനില്‍ സൗബിന്‍ ഷാഹിര്‍ എന്ന നവാഗത സംവിധായകന്റെ ഗംഭീര രംഗപ്രവേശമുണ്ട്.

ചെറുപ്പത്തിന്റെ കളങ്കമില്ലായ്മയും, അതിജീവനശ്രമങ്ങളും സമൂഹമനസ്സിനെ നവീകരിക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിച്ച നിരവധി സിനിമകളുണ്ട്. ഗപ്പി മീനുകളെ വളര്‍ത്തുന്ന ബാലന്റെ കഥ പറഞ്ഞ ഗപ്പിയും, കാക്കമുട്ടയും ഇത്തരം അതിജീവനങ്ങളുടേതായിരുന്നു. വളരുമ്പോഴാണ് സ്വാര്‍ത്ഥതയ്ക്കും ദുരാഗ്രഹത്തിനുമെല്ലാം വലുപ്പമേറുന്നതെന്ന ഉള്ളടക്കമാണ് ഇവയിലേറെയും പങ്കുവയ്ക്കുന്നത്. മട്ടാഞ്ചേരിയുടെ സാമൂഹിക ജീവിതത്തിനൊപ്പമാണ് പറവയുടെ സഞ്ചാരം. ഇച്ചാപ്പിയിലും ഹസീബിലും തുടങ്ങി എല്ലാ പ്രായത്തിനൊപ്പവും ആ നാടിനെ ഉള്ളിനെ തുറന്നിടുന്നുണ്ട് സിനിമ. പ്രാവുകള്‍ക്ക് ആ കുട്ടികളുടെ ജീവിതത്തിലുള്ള പ്രാധാന്യം ചുരുങ്ങിയ രംഗങ്ങളിലൂടെ ഏറ്റവും മനോഹരമായി വിശദീകരിച്ചാണ് സൗബിന്‍ കഥയിലേക്ക് പ്രവേശിക്കുന്നത്.

സ്‌കൂള്‍ പരീക്ഷയില്‍ തോല്‍ക്കുന്നവന്‍ കണ്ണെത്താ ദൂരത്തിനപ്പുറത്തേക്ക് ഉയര്‍ന്ന് പറക്കുന്ന പ്രാവിനൊപ്പം ജയിച്ച് മുന്നേറുന്നതിനെ നീണ്ട സംഭാഷണങ്ങളെ ആശ്രയിക്കാതെ മികച്ച രംഗാവിഷ്‌കാര പാടവത്തിനൊപ്പം സിനിമ കാട്ടുന്നുണ്ട്. ഈ രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി, അവരുടെ വീട്ടിനകത്തും ടെറസിലും കളിമൈതാനത്തും ഓര്‍മ്മപ്പുറങ്ങളിലും സ്‌കൂളിലും പുതപ്പുകള്‍ക്കുള്ളിലുമായി രണ്ടര മണിക്കൂര്‍. പ്രാവ് വളര്‍ത്തലും പരിപാലനവും ടൂര്‍ണ്ണമെന്റും അടങ്ങുന്ന ഒരു പാളിയും, സ്‌കൂള്‍ ജീവിതവും പ്രണയവും അടങ്ങുന്ന മറ്റൊരു പാളിയും അതിന് പുറത്തേക്കുള്ള അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കുടുംബത്തെയും സഹോദരനെയും കൂട്ടുകാരെയും സമൂഹത്തെയും ഉള്‍പ്പെടുത്തിയ മറ്റൊരു പാളിയിലുമാണ് പറവയുടെ കഥാസഞ്ചാരം. ദൃശ്യങ്ങളെയും സംഗീതത്തെയും ശബ്ദവിന്യാസത്തെയും താളാത്മകമായി ലയിപ്പിച്ച് തുടക്കം മുതല്‍ ഒടുക്കം വരെ ഇച്ചാപ്പിയുടെയും ഹസീബിന്റെയും അവരോട് ചേര്‍ന്നുനില്‍ക്കുന്ന ഷെയിനിന്റെയും ഇമ്രാന്റെയും വാപ്പയുടെയും ലോകത്ത്. പ്രാവ് വളര്‍ത്തലില്‍ നിന്ന് സ്‌കൂളിലേക്കും ഇച്ചാപ്പി-ഹസീബില്‍ നിന്ന് ഇമ്രാന്‍-ഷെയിന്‍ ചങ്ങാതിക്കൂട്ടത്തിലേക്കും കഥ വഴിതിരിയുമ്പോള്‍ എവിടെയൊക്കെയോ ചിതറിപ്പോകുന്നുണ്ട് ആസ്വാദനം. അപ്പോഴും മറ്റൊരു മലയാള സിനിമയില്‍ അനുഭവിച്ചിട്ടില്ലാത്ത ദൃശ്യവിന്യാസത്തിലൂടെ സ്വഭാവികതയില്‍ നിന്ന് തെല്ലുമകലാത്ത കഥാപാത്രങ്ങളിലൂടെ, നാടകീയതയിലേക്ക് തെന്നാത്ത കഥാമുഹൂര്‍ത്തങ്ങളിലൂടെ ഇടര്‍ച്ചയില്‍ നിന്ന് തിരികെയെത്തുന്നുണ്ട് പറവ.

ദുല്‍ഖര്‍ സല്‍മാന്റെ ഇമ്രാന്‍ ഈ നടന്‍ ഇതുവരെ ചെയ്യാത്ത റോളാണ്. സംസാരത്തിലും ശരീരഭാഷയിലുമൊക്കെ മട്ടാഞ്ചേരിക്കാരന്‍ ഇമ്രാനാകുന്നതില്‍ ദുല്‍ഖര്‍ വിജയിച്ചിട്ടുണ്ട്. പതിവ് ലൈനില്‍ വീരനായകത്വമുള്ള അതിഥികഥാപാത്രമായിട്ടാണ് ഇമ്രാന്റെ വരവെന്ന് മാത്രം. ക്രിക്കറ്റും പറവ വളര്‍ത്തലും പ്രണയവും ക്ലബ്ലും ബീച്ച് ഫുട്‌ബോളുമായി നടക്കുന്ന ന്യൂജനറേഷനൊപ്പം സമാന്തരമായി അവരുടെ മുന്‍തലമുറയുടെ കഥ കൂടി പറവ പറയുന്നുണ്ട്. മക്കള്‍ക്ക് വേണ്ടി ജീവിതം മാറ്റി വച്ച മാതാപിതാക്കളുടെ ആധികളെയും വ്യഥകളെയും അണഞ്ഞുപോകലിനെയും അകപഥകങ്ങളിലൂടെ വിവരിക്കുന്നുണ്ട് സൗബിന്‍ ഷാഹിര്‍. ഇച്ചാപ്പിയായ അമല്‍ ഷാ, ഹസീബിനെ അവതരിപ്പിച്ച ഗോവിന്ദ് എന്നീ കുട്ടികള്‍, അവരുടെ അതിശയ പ്രകടനത്തിന്റേതാണ് പറവ. ഉള്ളില്‍ മുറിവേറ്റ് നീറുന്ന കഥാപാത്രമായി ഫഹദ് ഫാസിലിന് പിന്തുടര്‍ച്ചായാകുന്ന മികവിലേക്ക് ഷെയ്ന്‍ നിഗം ഉയരുന്നത് ഈ സിനിമയില്‍ കാണാം. ജേക്കബ് ഗ്രിഗറി., അര്‍ജുന്‍ അശോകന്‍,ശ്രിന്ദ, സിദ്ദീഖ്, ജാഫര്‍ ഇടുക്കി തുടങ്ങി അഭിനയപ്പെരുപ്പമുണ്ടാക്കാതെ കഥാപാത്രങ്ങളായി അടിമുടി ഇടപെടുന്ന ഒരു പിടി അഭിനേതാക്കള്‍. മികച്ച സാങ്കേതിക പരിചരണത്തിന്റെയും മികവുണ്ട് ഈ ചിത്രത്തിന്. പ്രേമം സൗണ്ട് ഡിസൈന്‍ ടീം ആയിരുന്ന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവര്‍ ഈ സിനിമയുടെ ശബ്ദപശ്ചാത്തലം അനുഭവപ്പെടുത്തുന്നതില്‍ സൂക്ഷ്മശ്രദ്ധ പുലര്‍ത്തിയതായി കാണാം.

ചിരപരിചിതമായ ഫ്രെയിമുകളും ദൃശ്യശൈലികളുമില്ലാതെ ആഖ്യാനരീതിക്ക് വേണ്ടി സൃഷ്ടിച്ച ആംഗിളുകളിലും ഫ്രെയിമുകളിലുമായി കൊതിപ്പിക്കുന്നുണ്ട് ലിറ്റില്‍ സ്വയംപ് എന്ന ഛായാഗ്രാഹകന്‍. പാട്ടിലും പശ്ചാത്തല ഈണത്തിലുമായി റെക്‌സ് വിജയനും പറവയുടെ ചിറകായിട്ടുണ്ട്. മാസ് അപ്പീലിന് വേണ്ടി അതുവരെയുള്ള കഥനരീതിയില്‍ നിന്ന് വേറിട്ടൊരു ക്ലൈമാക്‌സിലേക്കാണ് സിനിമ ചെന്നെത്തുന്നത്.

ചിത്രീകരണത്തിലും ആഖ്യാനത്തിലും ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ആദ്യ സിനിമയില്‍ തന്നെ സൗബിന്‍ ഏറ്റെടുത്തത് എന്നതില്‍ സംശയമില്ല. പ്രാവുകളുടെ പരിപാലനവും ടൂര്‍ണമെന്റും പ്രാവുകളെ തിരികെ പിടിക്കാനുള്ള ഓട്ടവുമെല്ലാം കാഴ്ചയില്‍ നവീനാനുഭവമാണ്. പലയാവര്‍ത്തിക്കഥകളിലേക്കും പകര്‍പ്പുകളിലേക്കും കണ്ണു പായിക്കാതെ ചുറ്റുവട്ടത്ത് നിന്നും അതുവരെ ആരും പറയാതൊരു കഥയുമായി എത്താനുളള സൗബിന്റെ തീരുമാനവും പറവയെ വിജയത്തിലേക്ക് പറത്തും.

Loading...