കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയരാന്‍ വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ സര്‍വീസ് റദ്ദാക്കി. ഇന്നലെ വൈകിട്ട് നാലു മണിയോടെ ഹുബ്ബള്ളിയിലേക്കു പോകേണ്ട വിമാനമാണു റദ്ദാക്കിയത്.

ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. ടാക്‌സിബേയില്‍നിന്നു റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം എന്തോ അത്യാഹിതം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്നാണ് കരുതുന്നത്.

എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ വിമാനത്തില്‍നിന്ന് അത് അടര്‍ന്നു മാറുമെന്നതിനാല്‍ ആ തകരാര്‍ പരിഹരിക്കാതെ തുടര്‍ന്നു പറത്താന്‍ കഴിയില്ല. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി. വാതില്‍ തുറന്നയുടന്‍ പൈലറ്റ് വിമാനം പാര്‍ക്കിങ് ബേയിലേക്കു തിരികെ കൊണ്ടുവന്നു. സംഭവം സംബന്ധിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.

Loading...