തിരുവനന്തപുരം: നിയമസഭാംഗമായി അരനൂറ്റാണ്ടു പൂര്‍ത്തിയാക്കിയ കെ.എം. മാണിക്കു നിയമസഭയുടെ ആദരം. ശൂന്യവേളയില്‍ മറ്റു നടപടികള്‍ക്കു മുമ്പ്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. അദ്ദേഹംതന്നെ ഉപചാരപ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷിനേതാക്കളും മാണിയെ അഭിനന്ദിച്ച്‌ പ്രസംഗിച്ചു.

ആര്‍ക്കും മാറ്റിനിര്‍ത്താനാകാത്ത പ്രമാണിയാണു മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാണിയെ എല്ലാവര്‍ക്കും വേണ്ടി അഭിനന്ദിക്കുന്നതായി സ്‌പീക്കര്‍ വ്യക്‌തമാക്കി. പലതരം സവിശേഷതകളുള്ളയാളാണു മാണി. തനിക്ക്‌ അനുകൂലമായ ആശയപരിസരം സൃഷ്‌ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തത്വശാസ്‌ത്രത്തെ പിന്തുടരുകയല്ല, സ്വന്തമായ തത്വശാസ്‌ത്രം സൃഷ്‌ടിച്ച്‌ തന്റേതായ ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രികൂടിയാണു മാണി.

വിമര്‍ശനങ്ങള്‍ക്കു നര്‍മത്തിലൂടെ മറുപടി നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിയമസഭയുടെ നടപടികള്‍ പാലിച്ചും ചിട്ടയോടെയും തന്റെ നിലപാടുകള്‍ ഉന്നയിക്കാന്‍ അദ്ദേഹത്തിനായി. നിയമസഭാംഗങ്ങളുടെ പാഠശാലയാണു മാണിയെന്നും സ്‌പീക്കര്‍ പറഞ്ഞു.

ലോക പാര്‍ലമെന്ററി ചരിത്രത്തില്‍തന്നെ സ്‌ഥാനം നേടുന്ന അത്യപൂര്‍വവ്യക്‌തികളുടെ ഗണത്തിലേക്കാണു മാണി ഉയര്‍ന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്‌സഭയില്‍പോലും ഇതിനു സമാനമായ റെക്കോഡ്‌ ഉണ്ടോയെന്നു സംശയമാണ്‌. ഒരേ മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി ജയിച്ചുവരുകയെന്നതും ആര്‍ക്കും പറ്റാത്തതാണ്‌. മുന്നണികള്‍ മാറി മത്സരിച്ചിട്ടും ജയിച്ചു. ഇങ്ങനെ ഒരു റെക്കോഡ്‌ ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോയെന്നറിയില്ല.

ഏറ്റവും കൂടുതല്‍ കാലം നിയമനിര്‍മാണസഭാംഗം എന്ന പദവിയുണ്ടായിരുന്നത്‌ അമേരിക്കയിലെ ഫ്രെഡ്‌ റസലിനാണ്‌. കേരള ഫ്രെഡ്‌ റസലാണു മാണി. അതുകൊണ്ടാണു കവി പാലാ നാരായണന്‍നായര്‍ അദ്ദേഹത്തെ മാണി പ്രമാണിയെന്നു വിശേഷിപ്പിച്ചത്‌. നിയമസഭയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും ഇടപെടലുകളും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ ചരിത്രത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തമാണിതെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ സാധിക്കുന്നതു ജനാധിപത്യത്തിലെ അപൂര്‍വസംഭവമാണ്‌. ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ എതിര്‍ത്ത്‌ 1967 മാര്‍ച്ച്‌ 20-നു നടത്തിയതാണു മാണിയുടെ ആദ്യപ്രസംഗം. അന്നുമുതല്‍ നിയമസഭയില്‍ എന്നും സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാണിക്കു കഴിഞ്ഞു. മൂന്നുവര്‍ഷം കഴിയുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കും. ബജറ്റിലൂടെ മാണി കേരളത്തിനു സമര്‍പ്പിച്ച ഒട്ടേറെ പദ്ധതികളില്‍ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ ഒരിക്കലും ആരും മറക്കില്ലെന്നു രമേശ്‌ പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ അത്ഭുതപ്രതിഭാസമാണു മാണിയെന്ന്‌ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സഭയിലെ ഇരിപ്പിടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, തങ്ങളുടെ മണ്ഡലങ്ങളും അടുത്തടുത്താണ്‌. അഡീഷണാലിറ്റി എന്ന പദം നിഘണ്ടുവിനു സംഭാവന ചെയ്‌തതും മാണിയാണെന്ന്‌ ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിച്ചു. രാഷ്‌ട്രീയത്തില്‍ ഏറെക്കാലം നിലനിന്ന അയിത്താചരണം അവസാനിപ്പിച്ചതു മാണിയാണെന്ന്‌ ബി.ജെ.പി. അംഗം ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇ.എം.എസ്‌, സി.എച്ച്‌. മുഹമ്മദ്‌കോയ എന്നിവര്‍ക്കൊപ്പം ഈ നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു മഹത്തരമായി കാണുന്നുവെന്നു മാണി മറുപടി നല്‍കി. സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നീ പ്രതിഭാധനന്മാര്‍ക്കൊപ്പം നിയമസഭാംഗമാകാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി കലവറയില്ലാതെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ വിശാലമനസ്‌കതയ്‌ക്കു നമോവാകം. കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും വിജയിപ്പിച്ച പാലായിലെ വോട്ടര്‍മാരോടു നന്ദി പറയുന്നു. കഴിഞ്ഞ 50 വര്‍ഷം ഒരു രാഷ്‌ട്രീയവിദ്യാര്‍ഥിയെപ്പോലെ വായിച്ചും പഠിച്ചും വളര്‍ന്നു.

ഇക്കാലയളവില്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. ഒരു വ്യക്‌തിയേയും അധിക്ഷേപിക്കാന്‍ നിയമസഭയെ ഉപയോഗിച്ചിട്ടില്ലെന്നും മാണി പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, അനൂപ്‌ ജേക്കബ്‌, സ്വതന്ത്രാഗം പി.സി. ജോര്‍ജ്‌ എന്നിവരും മാണിയെ അഭിനന്ദിച്ചു പ്രസംഗിച്ചു.

Loading...