പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷ മുന്നണി യു.ഡി.എഫിലേക്ക്. കോണ്‍ഗ്രസുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫ് പ്രവേശം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചതായും പി.സി ജോര്‍ജ് അറിയിച്ചു.

നേരത്തെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

പിന്നീട് നടന്ന നിയമസഭാ സമ്മേളനത്തില്‍ ബി.ജെ.പി പ്രതിനിധിയായ ഒ. രാജഗോപാലും പി.സി ജോര്‍ജും കറുത്ത വസ്ത്രമണിഞ്ഞ് വന്നത് ഈ ധാരണ ശരിവെക്കുന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലം ജോര്‍ജ് ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാനായിരുന്നു നോട്ടം. ഇക്കാര്യം ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് പി.സി ജോര്‍ജ് അറിയിക്കുകയായിരുന്നു. ബി.ജെ.പിക്ക് മതേതര നിലപാടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

Loading...