പ്രധാനമന്ത്രി മോദി കൽക്കിയുടെ അവതാരമായതിനാൽ ഡൽഹിയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലും ലോകസഞ്ചാരത്തിലും ആയിരിക്കുമ്പോഴും മനുഷ്യൻറെ നഗ്ന നേത്രങ്ങൾക്ക് അദൃശ്യമായ ഒരു കൈ കൊണ്ട് അദ്ദേഹം അമ്മയ്ക്ക് താങ്ങായി നിൽക്കുന്നുണ്ടെന്ന് എത്രപേർക്കറിയാം?

കേന്ദ്രമന്ത്രി വിജയ് സിംപ്ല കഴിഞ്ഞദിവസം നടത്തിയ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചാവിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഇപ്പോഴും ഓട്ടോറിക്ഷയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ അമ്മ ലോകത്തിലെ രാഷ്ട്രീയക്കാരിൽ നാലാമത്തെ വലിയ സമ്പന്നയാണ്. എന്നായിരുന്നു ട്വീറ്റിൽ പറഞ്ഞിരുന്നത്. ട്വീറ്റിനൊപ്പം ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

ചിത്രത്തിൽ നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ ഓട്ടോറിക്ഷയിൽ ഇരിക്കുന്നതായി കാണാം. ഓട്ടോറിക്ഷയിലാണെങ്കിൽ ഹീരബെന്‍ ഒറ്റയ്ക്കാണ്. എന്നാല്‍ ഹീരാബെന്നിന്റെ വലതു കൈയിൽ ആരോ പിടിച്ചിട്ടുണ്ട്. പുറത്തു നിൽക്കുന്നയാളുടെ കൈ അത്രയും ചെല്ലില്ല. ചെന്നാല്‍ത്തന്നെയും അതിന്റെ പിടിത്തം ഇങ്ങനെയാകില്ല. പിന്നെങ്ങനെ ആ കൈ അവിടെ വന്നു? എന്നാണ് ട്വിറ്റർ ഡിറ്റക്ടറുകളുടെ കണ്ടുപിടിത്തം.

ഒരുപാട് ഉത്തരങ്ങളാണ് ചിത്രത്തിന് താഴെ ഉയർന്നുവരുന്നത്. ഒന്ന് അതേതോ പ്രേതത്തിന്റെ കൈയാണ്. മറ്റൊന്ന് അത് ‘ഗോഡ്’സെയുടെ കൈയാണ്!മോദിജി കൽക്കിയുടെ അവതാരമോ എന്നും മറ്റു ചിലർ കളിയാക്കുന്നു. മോദി അങ്ങേയറ്റം ആഡംബരം നിറഞ്ഞ ജീവിതം നയിക്കുമ്പോൾ തന്റെ പ്രായമായ അമ്മയെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ വിടുന്നത് എത്ര മോശമാണെന്ന് സോഷ്യൽ മീഡിയ കളിയാക്കുന്നു.

ബിജെപിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ കളിയാക്കുന്നതിനൊപ്പം മറ്റുചിലർ ചില ഗൗരവപ്പെട്ട കാര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രി തന്റെ പ്രായമായ അമ്മയെ ഇങ്ങനെയൊക്കെത്തന്നെയാണോ പരിഗണിക്കുന്നത് എന്ന ചോദ്യമാണ് അവയിലൊന്ന്.

Loading...