കൊച്ചി: എറണാകുളത്ത് മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കുറ്റകൃത്യം പരിപൂർണ്ണമായി തെളിയിച്ച് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും അവർക്ക് താവളമൊരുക്കുന്നവരെയും നിർദാക്ഷിണ്യം നേരിടും. അതിൽ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിട്ടില്ല. രമേശ് ചെന്നിത്തലയുടെ ഉപവാസം മറ്റുപല ആവശ്യങ്ങള്‍ക്കാണെന്നും പിണറായി നേരത്തെ പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ച അർധരാത്രിയാണ് നടിയുടെ കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഭവം അരങ്ങേറിയത്. കേസിൽ കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്. അതേസമയം, നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് അറിയിച്ചിരുന്നു. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി.


 

 
Loading...