ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാര്‍ഥിയാക്കാതെ മനഃപൂര്‍വം ഒഴിവാക്കുകയാണ് ചെയ്തതെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. സ്ഥാനാർഥിയാകാനുള്ള ആഗ്രഹം പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രകടപ്പിച്ചിരുന്നു. ജോസ്.കെ.മാണിയെ രാജ്യസഭാംഗമാക്കാൻ തീരുമാനിച്ചതും പാർലമെന്ററി പാർട്ടി യോഗത്തിലാണ്. തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ്.

ഇടുക്കിയിലേക്ക് തന്നെ പരിഗണിക്കാമെന്നു കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എംപിയാകാന്‍ കേരളാ കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ തയാറാകാത്തതിനാല്‍ അത് സ്വീകരിച്ചില്ല. ഇടുക്കി, കോട്ടയം സീറ്റുകൾ പരസ്പരം മാറിയും പ്രശ്നപരിഹാരത്തിന് ആലോചന വന്നു. എന്നാൽ ജോസ്.കെ.മാണി ചർച്ചയ്ക്ക് തയാറായില്ലെന്നു പി.ജെ.ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് പിളരില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി താൻ മുന്നിലുണ്ടാകും. എന്നാൽ കേരള കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിനായി പോരാടും. ഇതു പോലുള്ള അട്ടിമറി നീക്കങ്ങൾ തടയാനാണിതെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Loading...