തിരുവനന്തപുരം : പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിലെ ഒന്നും ,ഇരുപത്തിയെട്ടും റാങ്കുകാരായ ആർ. ശിവരഞ്ജിത്തും എ.എൻ.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ കൊലപാതകശ്രമകേസിലെ പ്രതികളാണ് ഇരുവരും .ഇവരെ ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് പഠിച്ചാണ് ജയിച്ചതെന്ന നിലപാടിൽ ആദ്യം ഉറച്ചു നിന്ന ഇരുവരും കുറ്റം സമ്മതം നടത്തിയത് . എന്നാൽ, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂർണമായി സമ്മതിക്കാൻ ഇരുവരും തയാറായില്ല.

ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് പരീക്ഷ എഴുതിയ ഒന്നേകാൽ മണിക്കൂറിനിടെ 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും വന്നതായി പിഎസ്‍സിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികൾ ഇൗ സന്ദേശങ്ങൾ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടിൽ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവിൽ തെളിവുകൾ മുഴുവൻ മുന്നിൽ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലിൽ പരീക്ഷാ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാർ‌ക്ക്. ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി.

ചോദ്യക്കടലാസ് ചോർന്നത് യൂണിവേഴ്സിറ്റി കോളജിൽ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകൾ പിഎസ്‌സി വിജിലൻസ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരൻ ഉൾപ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവർക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്എപി ക്യാംപിലെ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരുമാണ് കേസിലെ പ്രതികൾ. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പ്രവർത്തന രഹിതമാണ്.

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി അഖിലിനെ കുത്തിയ കേസിൽ രണ്ടാമത് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ 11പേരെയും ഇനിയും പൊലീസിനു പിടികൂടാൻ കഴിഞ്ഞിട്ടില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റ് വിവാദത്തിലെ പി.പി. പ്രണവും നോട്ടിസിലുണ്ട്.

പ്രതികളെ കുടുക്കി 4 ചോദ്യങ്ങൾ

∙ ചോദ്യം: നിങ്ങൾ എങ്ങനെയാണ് റാങ്ക് പട്ടികയിൽ മുന്നിലെത്തിയത്?

പ്രതികളുടെ മറുപടി: പഠിച്ചാണ് പരീക്ഷയെഴുതിയത്. മിക്കതും എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. അറിയാത്ത ഉത്തരങ്ങൾ കറക്കിക്കുത്തി. ഭാഗ്യത്തിന് അതൊക്കെ ശരിയുത്തരമായി.

∙ ചോദ്യം: അങ്ങനെയെങ്കിൽ ഇൗ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ. (ക്രൈംബ്രാഞ്ച് സംഘം പരീക്ഷാ ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളായി ചോദിക്കുന്നു. ഒന്നിനും ശരിയുത്തരം നൽകാനാകാതെ പ്രതികൾ)

മറുപടി: സോറി. പഠിച്ചല്ല പരീക്ഷയെഴുതിയത്. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ശരിയുത്തരം എഴുതിയത്.

∙ ചോദ്യം: നിങ്ങളുടെ അടുത്തിരുന്നവരുടെ പട്ടിക ഇതാണ്. ഇതിൽ ആരും റാങ്ക് പട്ടികയിൽ വന്നിട്ടില്ല. അപ്പോൾ അവരുടെ ഉത്തരക്കടലാസ് നോക്കി നിങ്ങൾ എങ്ങനെ ശരിയുത്തരം എഴുതി?

ഉത്തരം: (കൃത്യമായി ഉത്തരം നൽകാനാകാതെ തപ്പിത്തടഞ്ഞ് ശിവരഞ്ജിത്. കല്ലു പോലെ ഉറച്ച് നസീം.) അതറിയില്ല. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാൻ എഴുതിയതെന്നു നസീം.

∙ ചോദ്യം: പരീക്ഷ എഴുതുമ്പോൾ ശിവരഞ്ജിത്തിന് 96 എസ്എംഎസ് അയച്ചത് ആരാണ്?

ശിവരഞ്ജിത്തിന്റെ ഉത്തരം: അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാർ അയച്ചതാണ്. (എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോൾ ശിവരഞ്ജിത് വിയർത്ത് പരവശനായി. പിന്നീട് മൗനം. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈൽ ഫോൺ വഴിയാണോ സ്മാർട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാൻ ഇരുവരും കൂട്ടാക്കിയില്ല.

Loading...