എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച സംഭവം പുറംലോകമറിഞ്ഞപ്പോഴാണ് തേച്ചുമിനുക്കിയ കാക്കി കുപ്പായങ്ങളുടെ അണിയറയിൽ ഇത്തരം അസഹിഷ്ണുതകളും അരങ്ങേറുന്നുണ്ടെന്ന് മിഥ്യയായ ധാരണകൾ സത്യമാണെന്ന് വ്യക്തമായത്. സിനിമകളിലെ ഹാസ്യമേമ്പൊടി കൂട്ടാനും മറ്റും ഇത്തരം സന്ദർഭങ്ങൾ ഉൾക്കൊള്ളിക്കുന്നതിന്റെ യാഥാർത്യതയാണ് പോലീസ് ഡ്രൈവറിന് മർദ്ദനമേറ്റ സംഭവത്തിൽ നിന്നും വെളിപ്പെട്ടത്.

കെവിന്റെ കൊലപാതകത്തിന്റെ അനാസ്ഥയ്ക്ക് പിന്നിൽ പോലീസ് ആദ്യ ഘട്ടത്തിലൊക്കെ ഉയർത്തിക്കാട്ടിയ ഒരു വിഷയം മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കേണ്ട ജോലിയിൽ വ്യാപൃതരായിരുന്നതിനാലാണ് ഈ കേസിൽ മതിയായ ശ്രദ്ധ ചെലുത്താൻ കഴിയാതിരുന്നത് എന്നതാണ്. എന്നാൽ ഈ പോലീസുകാരൊക്കെ എന്തൊക്കെ തിരക്കുകളിലാണ് മേലുദ്യോഗസ്ഥരാൽ നിയമിക്കപ്പെട്ടിരിക്കുന്നത് എന്ന ഓർക്കുമ്പോഴാണ് ഒരു എത്തും പിടിയും കിട്ടാത്തത്.

Loading...

മേലുദ്യോഗസ്ഥരുടെ ദാസ്യവേലക്കാരായി പരിണമിക്കപ്പെടുന്ന പോലീസ് ഡ്രൈവർമാരെയും മറ്റും വീട്ടുജോലി എടുപ്പിക്കുന്ന ഒരു തരത്തിലുള്ള മാനസിക രോഗം ബാധിച്ച പോലീസ് കുടുംബങ്ങളെ കുറിച്ച് വിമർശിക്കപ്പെടുമ്പോഴും ഇത്തരത്തിലെ സൗകര്യങ്ങൾ അതിന്റേതായ ബോധത്തോടും മാന്യതയോടും കൂടി നിർവഹിക്കാനുള്ള അവസരമൊരുക്കുന്നവരെ കുറിച്ച് വിസ്മരിക്കരുത് (അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ!!).

പോലീസ് മേധാവികളുടെ അനുസരണയുള്ള മൃഗമല്ല, സഹപ്രവർത്തകരും സഹജീവികളുമാണ് എല്ലാ പോലീസ് ഉദ്യോഗസ്ഥരുമെന്ന ധാരണ ശീലിപ്പിക്കേണ്ട സമയം കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഈ സംഭവങ്ങൾ സമൂഹ മധ്യത്തിൽ ചർച്ചചെയ്യപ്പെടുമ്പോഴും നടപടി സ്വീകരിക്കേണ്ടവർ എത്രമാത്രം ചർച്ചചെയ്യുന്നു എന്നതിലും നടപടി എത്രമാത്രം കർശനമാക്കുന്നു എന്നതിലുമാണ് ഇനിയുള്ള പോലീസ് ഡ്രൈവമാരുടെ സ്വർഗം ഉറങ്ങുന്നത്.

  • അശ്വതി യേശുദാസ്

 

 
Loading...