വള്ളികുന്നം : പൊലീസുകാരന്‍ കൊലപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ സൗമ്യക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പൊലീസിനോട് പറയാൻ പറഞ്ഞിരുന്നുവെന്നും മകന്റെ മൊഴി. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി.

സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനായി മൂന്നു മക്കളിൽ ഇളയവളായ 4 വയസ്സുകാരി ഋതികയെ അമ്മയുടെ അടുത്തു നിർത്താറാണ് .മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

Loading...