ബെംഗളൂരു: വിമതരോടൊപ്പംമന്ത്രിമാരായ 2 പേർ കൂടി രാജിവച്ച് ചേർന്നതോടെ കർണാടകയിലെ ജനതാദൾ (എസ്)– കോൺഗ്രസ് സർക്കാരിനു ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും രാജിവയ്പിച്ച് സർക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമം തുടരുകയാണ് ഇരു പാർട്ടികളും. കോൺഗ്രസിന്റെ 21 ദളിന്റെ 9 മന്ത്രിമാർ രാജിവച്ചു.

കെപിജെപി എന്ന ഏകാംഗ പാർട്ടിയുടെ ആർ. ശങ്കർ, സ്വതന്ത്രനായ എച്ച്. നാഗേഷ് എന്നിവരാണ് ബിജെപി പക്ഷത്തേക്കു മാറിയ മന്ത്രിമാർ. ഇതോടെ, 224 അംഗ നിയമസഭയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവർ 104 ആയി കുറഞ്ഞു; നാഗേഷും ശങ്കറും ഉൾപ്പെടെ ബിജെപി പക്ഷത്ത് 107 പേർ.

ഇന്നു രാവിലെ കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനും നീക്കം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളല്ല, സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു രാജി എന്ന വാദമായിരിക്കും യോഗത്തിന് എത്താത്തവർക്കെതിരെ പാർട്ടി ഉന്നയിക്കുക.

സ്പീക്കർ അയോഗ്യരാക്കിയാൽ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് എംഎൽഎമാരാകാനുള്ള ഇവരുടെ നീക്കം പാളും. മുംബൈയിൽ തങ്ങിയിരുന്ന വിമത എംഎൽഎമാർ വൈകിട്ടു ഗോവയിലേക്കു പോയി. മറുപക്ഷത്ത്, ദൾ എംഎൽഎമാരെ ബെംഗളൂരുവിനടുത്ത് നന്ദി ഹിൽസിലെ റിസോർട്ടിലേക്കു മാറ്റി.

ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വസതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിനു ശേഷമാണ് അനുനയത്തിനുള്ള അവസാന ശ്രമമായി കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ദൾ മന്ത്രിമാരും രാജിവച്ചു.

Loading...