ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തൊണ്ണൂറുകളില്‍ തിളങ്ങിയ നടിയാണ് പൂജ ബത്ര. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണിവര്‍.

2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്.

കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു.വീക്കെന്‍ഡ് വൈബ്‌സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ പ്രളയമാണ്. 42 വയസ്സില്‍ എത്തിനില്‍ക്കുന്ന താരം ശരീരഭംഗി നിലനില്‍ത്തുന്നതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട് പൂജ.

ഇതോടൊപ്പം ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തയും ഉണ്ട്. പൂജ വിവാഹത്തിന് ഒരുങ്ങുകയാണ്. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ നവാബ് ഷായാണ് പൂജയുടെ കാമുകന്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്പര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പൂജ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

Loading...