സിനിമാ സീരിയൽ താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അനുപമ രാമചന്ദ്രനാണ് വധു. ജൂലൈ 12 ഞായറാഴ്ച വധുവിന്റെ വീട്ടിലായിരുന്നു ചടങ്ങുകൾ. അനുപമ ഇൻഫോസിസ് ജീവനക്കാരിയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ചടങ്ങുകൾ.

തിരുവനന്തപുരത്ത് വച്ച് എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗ്രഹങ്ങൾ മാറ്റിവെയ്ക്കുകയാണെന്ന് പ്രദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വിദേശത്തുള്ള സഹോദരന് വിവാഹത്തിൽ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വേദനയും പ്രദീപ് പങ്കുവച്ചിരുന്നു.

ദൂരദർശനിലെ താഴ്‌വാര പക്ഷികളിലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കുഞ്ഞാലി മരയ്ക്കാർ, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ 2 വിൽ മത്സരാർഥിയായിരുന്നു.

Loading...