പ്രധാനമന്ത്രി സുരക്ഷ ബീമ യോജന ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്. വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണിത്. കൂടുതൽ വിവരങ്ങൾ ഇതാ…

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും.

പദ്ധതിയിൽ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.

2015 മെയ് 9‌ന് ആണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയ്ക്ക് തുടക്കം കുറിച്ചത്. അംഗങ്ങളാകുന്നവർക്ക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.

പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളാകാൻ http://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ സമ‍ർപ്പിച്ചാൽ മതി.

Loading...