പ്രമുഖ നടന്‍ പ്രകാശ് രാജ് രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ സജീവമാകുന്നു. കമല്‍ഹാസനെയും രജനീകാന്തിനെയും പോലെ തന്റെ നീക്കങ്ങള്‍ വൈകിപ്പിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ദില്ലിയിലെത്തി ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളുമായി രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.

രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രകാശ് രാജ് ബിജെപിക്കെതിരെ പരമാവധി ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. കര്‍ണാടകത്തില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന. മഹാസഖ്യത്തിന്റെ ഭാഗമാവാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞ് വരുന്നുണ്ട്. അപ്രതീക്ഷിതമായിട്ടാണ് പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ഇത് കോണ്‍ഗ്രസിനും ഗുണം ചെയ്യും.

പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രലില്‍ നിന്നാണ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. അതേസമയം നിലവില്‍ ഇത് ബിജെപിയുടെ കോട്ടയാണ്. പിസി മോഹനാണ് ഇവിടെ നിന്നുള്ള എംപി. സിനിമാ താരമെന്ന പ്രതിച്ഛായയാണ് പ്രകാശ് രാജിനുള്ളത്. കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യത്തിന്റെ പിന്തുണയില്ലാതെ അദ്ദേഹത്തിന് ഇവിടെ മത്സരിച്ച് ജയിക്കുക കഠിനമായിരിക്കും.

ഇന്ത്യയൊട്ടാകെ ബിജെപിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രകാശ് രാജ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ തേടി വിവിധ നേതാക്കളെ അദ്ദേഹം കാ ണുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അദ്ദേഹം നേരിട്ട് കണ്ടിരിക്കുകയാണ്. ബിജെപിക്കെതിരെ എടുക്കേണ്ട രാഷ്ട്രീയ തന്ത്രമാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ബംഗളൂരുവില്‍ പ്രകാശ് രാജിനെ ആംആദ്മി പാര്‍ട്ടി പിന്തുണയ്ക്കും.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെ കുറിച്ച് ഇരുവരും സംസാരിച്ചെന്നാണ് സൂചന. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിസ്സംഗതയും ബിജെപിയുടെ താല്‍പര്യവും പ്രകാശ് രാജിനെ ചൊടിപ്പിച്ച കാരണങ്ങളാണ്. ഇതുവരെ ഈ വിഷയത്തില്‍ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ബിജെപിയുമായി ബന്ധമുള്ള സംഘടനകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് വ്യക്തമാണ്. പ്രകാശ് രാജിന്റെ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും ഇത് തന്നെയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. നിര്‍മല സീതാരാമനെ വിമര്‍ശിച്ച വിഷയത്തില്‍ രാഹുലിനെതിരെ ബിജെപി ഉന്നയിച്ച സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പ്രകാശ് രാജ് തള്ളി. അദ്ദേഹത്തിന്റെ പരാമര്‍ശം സ്ത്രീകള്‍ക്കെതിരെയല്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി നല്‍കിയില്ല എന്നതാണ് വിഷയം. അത് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കാതിരിക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡറെ ഓഫീസില്‍ നിയമിച്ച വ്യക്തിക്ക് സ്ത്രീകളെ നന്നായി തന്നെ ബഹുമാനിക്കാന്‍ അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രതിപക്ഷ സഖ്യം ഒന്നിക്കുന്നതിന്റെ സൂചനയാണ് ഇത്. പ്രകാശ് രാജിന് എല്ലാ പാര്‍ട്ടികളുമായി അടുപ്പമുണ്ട്. തെലങ്കാന രാഷ്ട്ര സമിതി വരെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും അദ്ദേഹം അറിയപ്പെടുന്ന നടനാണ്. ഇതുവഴി അദ്ദേഹത്തിന് കോണ്‍ഗ്രസുമായി കൂടുതല്‍ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ സാധിക്കും. ഇത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന് കാരണമാകും. ദക്ഷിണേന്ത്യയില്‍ വന്‍ സ്വാധീന ശക്തിയുള്ള നടനാണ് അദ്ദേഹം.

കമല്‍ഹാസന്‍ നേരത്തെ തന്നെ അദ്ദേഹത്തെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കമല്‍ മികച്ച സഖ്യകക്ഷികളെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ പ്രകാശ് രാജ് കമല്‍ഹാസനെ സഹായിച്ചേക്കും. എങ്കില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. അതേസമയം കമല്‍ഹാസന്‍ വന്നാല്‍ സംസ്ഥാനത്തെ എല്ലാ സീറ്റും തൂത്തുവാരാന്‍ സഖ്യത്തിന് സാധിക്കും. കമലുമായി ഏറ്റവും അടുപ്പമുള്ള നടനാണ് പ്രകാശ് രാജ്.

കെജ്രിവാളുമായുള്ള പ്രകാശ് രാജിന്റെ കൂടിക്കാഴ്ച്ച കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. പ്രമുഖ നടന്‍മാര്‍ പോലും ബിജെപിക്ക് എതിരാണെന്ന് ഇതിലൂടെ സ്ഥാപിക്കാനാണ് രാഹുല്‍ അടുത്ത ശ്രമം നടത്തുന്നത്. മറ്റൊരു പ്രധാന കാര്യം സ്ത്രീവിരുദ്ധ പരാമര്‍ശമായി ബിജെപി വളച്ചൊടിച്ച സംഭവത്തില്‍ പ്രകാശ് രാജില്‍ നിന്ന് പിന്തുണ ലഭിച്ചത് രാഹുലിന് ആശ്വാസമാണ്. കൂടുതല്‍ പ്രമുഖരെ അണിനിരത്തി ഇതിനെ പ്രതിരോധിക്കാനാണ് ഇനി രാഹുലിന്റെ നീക്കം.

Loading...