നടൻ ബാലയെ വിവാഹം കഴിച്ചു എന്ന പ്രചാരണത്തിനെതിരെ സീരിയൽ താരം പ്രതീക്ഷ ജി.പ്രദീപ്. ഒരു യൂട്യൂബ് ചാനലാണു പ്രതീക്ഷയും ബാലയും വിവാഹിതരായി എന്ന വ്യാജ‌പ്രചാരണം നടത്തിയത്. ഈ വിഡിയോയിൽ ഗായിക റിമി ടോമിയെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെയാണു സത്യം വെളിപ്പെടുത്തി പ്രതീക്ഷ ലൈവിൽ എത്തിയത്

‘‘എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലും, തകര്‍പ്പൻ കോമഡിയിലും പങ്കെടുത്തപ്പോള്‍ ബാല ചേട്ടനോടുള്ള ആരാധന ഞാൻ വെളിപ്പെടുത്തിയിരുന്നു. ഒരാളെ ആരാധിക്കുന്നതു തെറ്റാണോ?. തന്റെ പേരിൽ റിമി ചേച്ചിയെ അധിക്ഷേപിക്കുന്നതിൽ വളരെ വേദനയുണ്ട്’’– പ്രതീക്ഷ പറഞ്ഞു.

ഒന്നും ഒന്നും മുന്നിൽ പ്രതീക്ഷ അതിഥിയായി എത്തിയിരുന്നു. ഭാവി വരൻ എങ്ങനെയായിരിക്കണം എന്ന റിമിയുടെ ചോദ്യത്തിനു ബാലയെ പോലെ ഒരാളെയാണ് ഇഷ്ടമെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. കുട്ടിക്കാലം മുതലുള്ള ആരാധനയും വെളിപ്പെടുത്തി. പിന്നീട് തകർപ്പൻ കോമഡി വേദിയിൽ ബാലയെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിച്ചു. ഇതിനുശേഷമാണു വ്യാജപ്രചാരണങ്ങൾ ആരംഭിച്ചത്.

‘‘ബാല ചേട്ടൻ ഒരു സെലിബ്രിറ്റി ആണ്. അദ്ദേഹത്തെ ആരാധിക്കുന്നതിൽ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. ഒരാളുടെ ജീവിതം നശിപ്പിച്ചല്ല പണം ഉണ്ടാക്കേണ്ടത്. നമ്മളെല്ലാം മനുഷ്യരാണ്. ഇതിന്റെ പേരിൽ ബാലചേട്ടനെയോ റിമ ചേച്ചിയെയോ കുറ്റപ്പെടുത്താതിരിക്കുക. ഇതാണ് സത്യം. മറ്റൊന്നും വിശ്വസിക്കരുത്’’– പ്രതീക്ഷ വ്യക്തമാക്കി.

വ്യാജപ്രചാരണങ്ങൾക്കെതിരെ ബാലയും രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം തകര്‍ക്കരുത്. സുഹൃത്തായ റിമിയെ അധിക്ഷേപിക്കുന്നതിൽ വേദനയുണ്ട്. ഇതൊരു കുറ്റകൃതമാണ്. തന്റെ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റായിരുന്നുവെന്നും 2019 ജനുവരിയിലാണു വിവാഹമോചനം നേടാൻ കേസ് ഫയല്‍ ചെയ്തതെന്നും ബാല വെളിപ്പെടുത്തി.

Loading...